ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഇത് മുൻ നിലപാടിന് കടക വിരുദ്ധമാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതിലൂടെ തന്നെ സർക്കാരും സിപിഎമ്മും യുവതി പ്രവേശന വിഷയത്തിൽ നടത്തിയ മലക്കം മറിച്ചിൽ വ്യക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ നിലപാട് മാറ്റത്തിന്റെ തുടർച്ചയാണ് സുപ്രീം കോടതിയിലും ആചാര സംരക്ഷണത്തിന് വേണ്ടി വാദിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.
2018 സെപ്തംബർ എട്ടിന് യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ പുനപരിശോധന ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീപ്രവേശത്തിന് വേണ്ട സാമൂഹിക അന്തരീക്ഷം ഒരുക്കി എടുക്കുകയും ചെയ്തു. വിശ്വാസ സംരക്ഷകരും പുരോഗമന നിലപാടുകാരും എന്ന തരത്തിൽ കേരളം സമൂഹം രണ്ടായി തിരിഞ്ഞാണ് ഈ വിഷയത്തെ അന്ന് നേരിട്ടത്.
പിണറായി വിജയനെ നവോത്ഥാന നായകനായി അണികളും അനുനായികളും വാഴ്‌ത്തുകയും ചെയ്തു. എന്നാലിപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ ഇടത് സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്. സർക്കാർ കോടതിയെ നാളെ നിലപാട് അറിയിക്കും.
അതിനിടെ, യുവതി പ്രവേശനത്തില്‍ ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർത്തവത്തിൻ്റെ പേരിൽ മാറ്റിനിർത്തിൽ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാകില്ല. പൊതുതാൽപര്യ ഹർജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ വാദിക്കുന്നു. യുവതി പ്രവേശന കേസിലെ ഹർജിക്കാരാണ് സംഘടന.










