Home / Politics / ‘ബാർ ഉടമകൾക്ക് വേണ്ടി ഒരു തലമുറയെ വിറ്റു തുലയ്ക്കുന്നു,’ ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതിനെതിരെ കെസിബിസിയും ഓർത്തഡോക്സ് സഭയും

‘ബാർ ഉടമകൾക്ക് വേണ്ടി ഒരു തലമുറയെ വിറ്റു തുലയ്ക്കുന്നു,’ ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതിനെതിരെ കെസിബിസിയും ഓർത്തഡോക്സ് സഭയും

ബാറുകളുടെ പ്രവർത്തന സമയം നീട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും രംഗത്തെത്തി. ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയ സര്‍ക്കാര്‍ നടപടി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ‘ഡീല്‍’ ആണെന്ന് കെസിബിസി ആരോപിച്ചു.

ടൂറിസം വികസനത്തിന്റെ പേരുപറഞ്ഞാണ് ബാര്‍ സമയം നീട്ടിയതെങ്കിലും, വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നത് നാട്ടിലെ ‘ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല’ പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യതക്കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. മറിച്ച് മയക്കുമരുന്നുപയോഗരുടെയും മദ്യപാനികളുടെയും തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണെന്നും മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. കേരള കത്തോലിക്കാ സഭ മാര്‍ച്ച് 8ന് മദ്യലഹരി വിരുദ്ധ ഞായര്‍ ആചരിക്കും. അന്ന് സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാനും കെസിബിസി തീരുമാനിച്ചിട്ടുണ്ട്.

യുവതലമുറയെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് ഓര്‍ത്തഡോക്‌സ് സഭയും വിമര്‍ശിച്ചു. ആയിരത്തോളം വരുന്ന ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഒരു തലമുറയെ വിറ്റുതുലയ്ക്കുന്ന സര്‍ക്കാര്‍ നടപടി അത്യന്തം അപകടകരമാണ്. അമ്മമാരുടെ കണ്ണുനീരിനെക്കാള്‍ വലുതാണോ ബാര്‍ മുതലാളിമാരുടെ ആവശ്യമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ഇങ്ങനെ വിറ്റിട്ട് വേണോ ഖജനാവ് വീര്‍പ്പിക്കാനെന്നും ഓര്‍ത്തഡോക്‌സ് സഭ ചോദിക്കുന്നു. മദ്യം 24 മണിക്കൂറും ലഭ്യമാക്കാനുള്ള നീക്കം കേരളീയ സമൂഹത്തെ വലിയ പ്രതിസന്ധിയിലാക്കുമെന്നും സഭാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചത് ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഈ പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ നയമാറ്റത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. അടുത്ത മദ്യനയം പ്രഖ്യാപിക്കേണ്ടത് പുതിയ സര്‍ക്കാര്‍ ആയിരിക്കെ, കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു ഇളവ് നല്‍കിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *