Home / Politics / ‘വട്ടിയൂർക്കാവ് എന്റെ മണ്ഡലം; മത്സരിക്കാൻ താത്പര്യമുണ്ട്’, നടൻ കൃഷ്ണകുമാർ

‘വട്ടിയൂർക്കാവ് എന്റെ മണ്ഡലം; മത്സരിക്കാൻ താത്പര്യമുണ്ട്’, നടൻ കൃഷ്ണകുമാർ

ഈ വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. വട്ടിയൂർക്കാവ് തന്റെ പ്രവർത്തന മണ്ഡലമാണെന്നും അവിടുത്തെ ബൂത്ത് തലം മുതലുള്ള പ്രവർത്തകരുമായും ജനങ്ങളുമായും വ്യക്തിപരമായ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ താല്പര്യം പരസ്യമാക്കിയത്.

“വട്ടിയൂർക്കാവിൽ മത്സരിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അത് എന്റെ മണ്ഡലമാണ്. 25 കൊല്ലമായി ഞാൻ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂര്‍ക്കാവ്. എന്റെ ഓഫീസ് ആണെങ്കിലും എന്റെ വീട് ആണെങ്കിലും ഭാര്യയുടെ വീട് ആണെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനുള്ളിലാണ്. ഏതൊരു പൊതുപ്രവര്‍ത്തകനും അവരുടെ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യം. മണ്ഡലത്തിലെ ഓരോ ബൂത്തിലും എനിക്ക് സുഹൃത്തുക്കളുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ ഞാൻ തയ്യാറാണ്,” കൃഷ്ണകുമാർ വ്യക്തമാക്കി.

ബിജെപി കേന്ദ്ര നേതൃത്വത്തിന് മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും പാർട്ടി നിർദ്ദേശിച്ചാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേമത്തിന് പിന്നാലെ ബിജെപി വലിയ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. നേരത്തെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറും രംഗത്തെത്തിയിരിക്കുന്നത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും വട്ടിയൂർക്കാവിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം വന്നിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുമാണ് കൃഷ്ണകുമാർ മത്സരിച്ചത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *