ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ തമിഴ്‌നാട് സ്വദേശിയായ വ്യവസായി ഡി. മണിക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻ ചിറ്റ് നൽകി. മണിക്ക് സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് മതിയായ തെളിവുകളില്ലെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മണിക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡിണ്ടിഗൽ സ്വദേശിയായ ഡി മണിയെ (ബാലസുബ്രഹ്മണ്യൻ) രണ്ടുവട്ടം എസ്ഐടി ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലെത്തിയും പിന്നീട് തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും സ്വർണക്കൊള്ളയുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായില്ല. തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെയോ മറ്റ് പ്രതികളെയോ അറിയില്ലെന്നായിരുന്നു മണിയുടെ മൊഴി.
ശബരിമലയിലെ വിഗ്രഹങ്ങൾ കടത്തിയതിലും സ്വർണ ഉരുപ്പടികൾ മറിച്ചുവിറ്റതിലും ഡി മണിക്ക് പങ്കുണ്ടെന്ന് ഒരു പ്രവാസി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഈ വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്നത്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘവുമായി മണിക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ശാസ്ത്രീയ പരിശോധനകളിലും ഫോൺ രേഖകൾ പരിശോധിച്ചതിലും ഇത്തരം ബന്ധങ്ങൾ സ്ഥിരീകരിക്കാനായില്ല.
അതേസമയം, കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ സെക്രട്ടറി എസ് ജയശ്രീ, സ്വർണ വ്യാപാരി ഗോവർദ്ധൻ തുടങ്ങിയവർക്കെതിരെയുള്ള അന്വേഷണം ശക്തമായി തുടരുകയാണ്. ജയശ്രീ ഇന്ന് ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. പത്മകുമാറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.










