Home / Politics / ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റാരോപിതരായ സിപിഎം നേതാക്കളെ ഉടൻ ചോദ്യം ചെയ്യണമെന്ന് യുഡിഎഫ്

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റാരോപിതരായ സിപിഎം നേതാക്കളെ ഉടൻ ചോദ്യം ചെയ്യണമെന്ന് യുഡിഎഫ്

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രവർത്തനം മന്ദഗതിയിലാണെന്ന ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ ശരിവെക്കുന്നതാണെന്ന് യുഡിഎഫ്. കേസിൽ കുറ്റാരോപിതരായ സിപിഎം നേതാക്കളെ ഉടൻ ചോദ്യം ചെയ്യണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഡിഎഫ് ഏകോപന സമിതി ആവശ്യപ്പെട്ടു.

രാഷ്ട്രീയ വിപുലീകരണത്തിന്റെ ഭാഗമായി മൂന്ന് പാർട്ടികൾക്ക് യുഡിഎഫ് അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കാനും സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കാനും തീരുമാനിച്ചു. ഫെബ്രുവരി ആദ്യം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ജാഥ സംഘടിപ്പിക്കും.

സിപിഎം – ബിജെപി സഖ്യത്തിനെതിരെ കർശന നിലപാട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സിപിഎമ്മുമായോ ബിജെപിയുമായോ യാതൊരുവിധത്തിലുള്ള ഭരണപരമായ ധാരണയോ സഖ്യമോ പാടില്ലെന്ന് യുഡിഎഫ് കർശന നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ അസ്വസ്ഥരായ സിപിഎം ധർമ്മടം, പാനൂർ, പയ്യന്നൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ അക്രമം അഴിച്ചുവിടുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. ആയുധങ്ങൾ താഴെ വെക്കാൻ അണികൾക്ക് നിർദ്ദേശം നൽകാൻ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

സഹകരണ ബാങ്കുകളിൽ നിന്ന് 10,000 കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ നീക്കം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സഹകരണ മേഖലയെ ഇത് കൂടുതൽ തളർത്തുമെന്നും യോഗം വിലയിരുത്തി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *