Home / Politics / ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണത്തിന് ശുപാർശ

ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു; വിശദമായ അന്വേഷണത്തിന് ശുപാർശ

പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പരാതി ഉയർന്നതിന് പിന്നാലെ അതിവേഗം അന്വേഷണം നടത്തിയാണ് കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കൂടാതെ, സംഭവത്തിൽ കേസെടുക്കാൻ ആവശ്യപ്പെട്ട് കളക്ടർ പോലീസ് സൂപ്രണ്ടിന് പരാതിയും നൽകി.

കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശിയിൽ വോട്ടർക്ക് പണം നൽകിയെന്നായിരുന്നു ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പണം ലഭിച്ചുവെന്ന് ആരോപിക്കപ്പെട്ട വയോധികയുടെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. എന്നാൽ, തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് വയോധിക മൊഴി നൽകിയിരിക്കുന്നത്.

പ്രധാന സാക്ഷി പണം ലഭിച്ചത് നിഷേധിച്ചെങ്കിലും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം വേണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ നിലപാട്. ജനപ്രാതിനിധ്യ നിയമത്തിന്റെയോ പെരുമാറ്റച്ചട്ടത്തിന്റെയോ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോടതിയുടെ അനുമതിയോടെ കേസെടുക്കാനാണ് പോലീസ് വിഭാഗത്തിന് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *