ആറന്മുള മണ്ഡലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ പ്രചരണവുമായി ആശാ വർക്കർമാർ. സെക്രട്ടേറിയറ്റിന് മുമ്പിൽ മാസങ്ങൾ നീണ്ട തങ്ങളുടെ സമരത്തെ അവഗണിക്കുകയും ആവശ്യങ്ങൾ അംഗീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് ആശാ വർക്കന്മാരെ വീണ ജോർജ്ജിനെതിരെ പ്രചരണം നടത്താൻ പ്രേരിപ്പിച്ചത്. സിപിഎം സ്ഥാനാർത്ഥിയായ വീണ ജോർജ്ജിനെ എതിരിടുന്നത് കോൺഗ്രസിന്റെ അബിൻ വർക്കിയാണ്.
മാസങ്ങൾ നീണ്ട സമരം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യം ഇല്ലാതെയാണ് നടത്തിയതെന്ന് പ്രചരണത്തിനിറങ്ങിയ ആശാ വർക്കർമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഹോണറേറിയത്തിൽ നൂറു രൂപയെങ്കിലും കൂട്ടിത്തരാൻ ആവശ്യപ്പെട്ട സമയം ഉണ്ടായിരുന്നെങ്കിലും അതു പോലും ആരോഗ്യ മന്ത്രി പരിഗണിച്ചില്ലെന്നും അവർ പറഞ്ഞു. ലഘു ലേഖകൾ വിതരണം ചെയ്തു കൊണ്ടായിരുന്നു ആശാ വർക്കന്മാരുടെ പ്രചരണം.
ഇടതുപക്ഷ സർക്കാർ തൊഴിലാളി വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് അവർ ആരോപിച്ചു. 266 ദിവസത്തെ സമരത്തെയാണ് സർക്കാർ അവഗണിച്ചത്. ഓണറേറിയം മാന്യമായ തരത്തിൽ വർദ്ധിപ്പിക്കാൻ പരാജയപ്പെട്ടതും അത് കൃത്യസമയത്ത് ലഭിക്കാത്തതും ആശാ വർക്കർമാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ തങ്ങളുടെ പോരാട്ടത്തോട് വീണാ ജോർജ് മുഖം തിരിക്കുകയാണ് ഉണ്ടായത്.
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ഈ പ്രചരണം രാഷ്ട്രീയ പ്രേരിതമല്ലെന്നും ജനാധിപത്യപരമായ വിയോജിപ്പാണെന്നും ഇവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം, പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് വർഷങ്ങളോളം യാതന അനുഭവിക്കേണ്ടി വന്ന കോഴിക്കോട് സ്വദേശിനി ഹർഷിന വീണ ജോർജ്ജിനെതിരെ പ്രചരണത്തിനെത്തിയിരുന്നു.










