Home / Politics / ‘തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും, ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യും,’ വിഡി സതീശൻ

‘തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും, ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യും,’ വിഡി സതീശൻ

സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി സര്‍ക്കാരിനെ ജനം വിചാരണ ചെയ്യുന്ന അവസരമാക്കി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സര്‍ക്കാരിനെതിരെ യുഡിഎഫ് പുറത്തിറക്കിയ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കുമെന്നും സതീശൻ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സതീശൻ.

സർക്കാരിനെതിരെ കുറ്റപത്രം

കേരളത്തില്‍ ഒമ്പതര വര്‍ഷം അധികാരത്തില്‍ ഇരിക്കുന്ന സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു കൊണ്ട് ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് കൃത്യമായ ബദല്‍ പരിപാടികളും പദ്ധതികളുമുണ്ട്. ആറു ലക്ഷം കോടിയോളം രൂപയുടെ ബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടു കൊണ്ടാകും ഈ സര്‍ക്കാര്‍ അധികാരം ഒഴിയുക. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള കൃത്യമായ പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകും. എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വിജയമുണ്ടായി. കൂടാതെ തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു മുന്‍തൂക്കം. സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്. ഞങ്ങളുടെ തയ്യാറെടുപ്പുകളും ജനങ്ങള്‍ക്കുള്ള പ്രതീക്ഷകളുമെല്ലാം ചേരുമ്പോള്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫിനുണ്ടാകും.

അയ്യപ്പൻറെ സ്വർണം മോഷ്ടിച്ച പ്രതികളെ സിപിഎം സംരക്ഷിക്കുന്നു

രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം ഏകകണ്ഠമായാണ് നിലാപടെടുത്തത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ മാത്രം തീരുമാനമല്ല. ഒരേ കാര്യത്തിന് രണ്ടു തവണ നടപടി എടുക്കാനാകില്ല. കോണ്‍ഗ്രസ് നടപടി എടുത്തു. ആ നടപടി ഇപ്പോള്‍ നിലനില്‍ക്കുകയാണ്. ഇതേ ചോദ്യം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. രണ്ട് സിപിഎം നേതാക്കള്‍ ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയതിന് ജയിലിലാണ്. അറിയപ്പെടുന്ന രണ്ടു നേതാക്കള്‍ മോഷണ കേസില്‍ പ്രതികളായിട്ടും സിപിഎം നടപടി എടുത്തോ? എം.വി ഗോവിന്ദന്‍ മിണ്ടുന്നില്ലല്ലോ. വെറും മോഷണമല്ല, അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചതിനാണ് നേതാക്കള്‍ ജയിലിലായത്. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളുകളാണ് ഈ രണ്ടു പേരും. വി.എസിന്റെ കയ്യില്‍ നിന്നും പത്തനംതിട്ട ജില്ലയെ മോചിപ്പിച്ച് പിണറായിക്ക് നല്‍കിയ ആളാണ് പത്മകുമാര്‍. ഈ രണ്ടു പേരും അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതികളായി ജയിലില്‍ കിടക്കുമ്പോഴും സിപിഎം സംരക്ഷണം ഒരുക്കുകയാണ്. പ്രധാനപ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമെന്ന് ഭയന്നാണ് രണ്ടു പ്രതികളെയും സംരക്ഷിക്കുന്നത്.

ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം

ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട പ്രതിപക്ഷം നിശ്ചയിക്കും. ജനങ്ങള്‍ പ്രതിപക്ഷത്തിനൊപ്പമാണ്. പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന വികസന അജണ്ട ജനം അംഗീകരിക്കും. ബിജെപിയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ്. പുതിയ നേതൃത്വത്തെ പഴയ നേതൃത്വം അംഗീകരിച്ചിട്ടില്ല. സിപിഎമ്മുമായി എവിടെയെങ്കിലും ധാരണയുണ്ടെങ്കില്‍ മാത്രമേ ബിജെപി വിജയിക്കുകയുള്ളൂ. അല്ലാതെ ഒരിടത്തും അവര്‍ വിജയിക്കില്ല.

ആരോഗ്യ കേരളം

വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ രക്ഷപ്പെടുത്താനുള്ള പദ്ധതികളും യുഡിഎഫിനുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രതിപക്ഷം ഹെല്‍ത്ത് കമ്മിഷന്‍ രൂപീകരിച്ച് ഹെല്‍ത്ത് കോണ്‍ക്ലേവ് നടത്തി. കേരളത്തിന്റെ വിവിധ മേഖലകളില്‍ മുന്നൂറോളം ഡോക്ടര്‍മാര്‍ ഫലപ്രദമായ ആരോഗ്യ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചയിലാണ്. ജനുവരി ആകുമ്പോഴേയ്ക്കും അത് പൂര്‍ത്തിയാകും.

വിദ്യാഭ്യാസ രംഗം

വിദേശ രാജ്യങ്ങളിലുള്ള അക്കാദമീഷ്യന്‍മാരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു കൊണ്ട് യുഡിഎഫ് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തി. അതിന്റെ ഭാഗമായി ഉണ്ടാക്കിയ ഡ്രാഫ്റ്റ് ഡോക്യുമെന്റ് ഉപയോഗിച്ച് കേരളത്തിലെ സര്‍വകലാശാലാ ആസ്ഥാനങ്ങളിലെല്ലാം ചര്‍ച്ച നടക്കുകയാണ്. അതിന്റെ റിസള്‍ട്ടും ജനുവരിയില്‍ പ്രഖ്യാപിക്കും.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും വന്യജീവി ആക്രമണങ്ങളുമയി ബന്ധപ്പെട്ട വിഷയങ്ങളിലും തീരദേശത്തെ പ്രതിസന്ധിയും എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതവുമൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പേകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് പഠനത്തിനു ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. നടപ്പാക്കാന്‍ സാധിക്കുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നതാണ്. നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന സംസ്ഥാനത്തെ സീറോ വേസ്റ്റ് ആക്കി മാറ്റിയാല്‍ അതിന്റെ പ്രതിഫലനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും.

അതിദാരിദ്ര്യം

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ ദാരിദ്ര്യ മുക്തമാക്കുന്നതിനു വേണ്ടി ആശ്രയ പദ്ധതി ആരംഭിച്ചത്. ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ ആശ്രയ പദ്ധതി നവീകരിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്തും. അതിനു വേണ്ടി ലോക്കല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. കുടുംബശ്രീയും പൂര്‍ണമായ നവീകരണത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുന്ന രീതിയില്‍ നവീകരിക്കും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *