വയനാട് വൈത്തിരിയിൽ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥിയെ പ്രചരണം നടത്തുന്നതിൽ നിന്ന് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി പരാതി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും കോൺഗ്രസ് പരാതി നൽകി. ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ശൈലജ മുരുകേശനെയാണ് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്. തൈലക്കുന്ന് പ്ലാന്റേഷൻ ഏരിയയിൽ താമസിക്കുന്ന നാൽപ്പതോളം കുടുംബങ്ങൾക്കിടയിൽ ഇന്നലെ രാത്രി വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോഴാണ് സംഭവം.
കോൺഗ്രസ് നൽകിയ പരാതി അനുസരിച്ച്, സിപിഐ പ്രാദേശിക നേതാവായ രാമചന്ദ്രന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് സ്ഥാനാർത്ഥിയെ തടഞ്ഞത്. ഇത് വിപ്ലവ ഭൂമി ആണെന്നും യുഡിഎഫ് നേതാക്കളെ വീടുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
പ്രചാരണത്തിന് തടസ്സമുണ്ടാക്കിയതിലൂടെ എൽഡിഎഫ് ജനാധിപത്യപരമായ അവകാശങ്ങൾ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത്തരം ഭീഷണികൾ തെരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ളതാണെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടിച്ചേർത്തു.
ഭീഷണി മൂലം കാരണം ശൈലജ മുരുകേശനും പാർട്ടി പ്രവർത്തകരും പ്രചരണം നടത്താൻ കഴിയാതെ പ്രദേശത്ത് നിന്നും തിരിച്ചു പോവുകയായിരുന്നു. അതേസമയം, ആരെയും തടയുന്നതിനെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്ന് എൽഡിഎഫ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.









