Home / Technology / സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നീക്കം വിവാദത്തിൽ; പുതിയ പെഗാസസ് എന്ന് പ്രതിപക്ഷം

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നീക്കം വിവാദത്തിൽ; പുതിയ പെഗാസസ് എന്ന് പ്രതിപക്ഷം

രാജ്യത്തെ എല്ലാ സ്മാർട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് വിവാദത്തിൽ. പുതിയ ഫോണുകളിൽ ഈ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നും, ഉപയോഗത്തിലുള്ള ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഇത് ലഭ്യമാക്കണമെന്നുമാണ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ഉപഭോക്താക്കൾക്ക് ഈ ആപ്പ് ഡിലീറ്റ് ചെയ്യാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കില്ലെന്നതാണ് ഇതിനെക്കുറിച്ച് ആശങ്കയ്ക്ക് വക വയ്ക്കുന്നത്.

വ്യാജ ഹാൻഡ്‌സെറ്റുകളിൽ നിന്ന് സംരക്ഷണം നൽകാനും സൈബർ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നാണ് സർക്കാർ വാദം. എന്നാൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സർക്കാരിന് ജനങ്ങളെ നിരീക്ഷിക്കാനുള്ള ശ്രമം ആണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

‘പെഗാസസ് പ്ലസ് പ്ലസ്’ കേന്ദ്രത്തിന്റെ എന്നാണ് പ്രതിപക്ഷ നേതാക്കൾ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇതിനെ ‘പെഗാസസ് പ്ലസ് പ്ലസ്’ എന്നാണ് വിശേഷിപ്പിച്ചത്. “ബിഗ് ബ്രദർ നമ്മുടെ ഫോണുകളും സ്വകാര്യ ജീവിതവും പൂർണമായും നിയന്ത്രിക്കാൻ പോവുകയാണ്,” കാർത്തി ‘എക്‌സി’ൽ കുറിച്ചു. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനേക്കാൾ അപകടകരമായ നിരീക്ഷണ സംവിധാനമാണിതെന്ന് പലരും സമൂഹമാധ്യമങ്ങളിലും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ആത്യന്തികമായി കേന്ദ്രത്തിന്റെ ഈ നടപടിയിലൂടെ ബിഗ് ബ്രദര്‍ക്ക് നാട്ടിലെ ജനങ്ങളുടെ ഫോണ്‍ കാണാനും കേള്‍ക്കാനും അവസരം ഒരുക്കിയിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി തന്നെ നിഷ്‌കര്‍ഷിച്ച സ്വകാര്യത തത്വങ്ങള്‍ക്ക് പൂര്‍ണമായി കടക വിരുദ്ധമാണിത്. ഇത് അടിയന്തരമായി പിന്‍വലിക്കണം. പൗരന്റെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണിതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം എംപി ജോൺ ബ്രിട്ടാസും കേന്ദ്ര നീക്കത്തിനെതിരെ പരിഹാസ രൂപേണ വിമർശനമുന്നയിച്ചിട്ടുണ്ട്‌. “ഇനി അടുത്തതായി 140 കോടി ജനങ്ങൾക്കും ആങ്കിൾ മോണിറ്ററുകളും ബ്രെയിൻ ഇംപ്ലാന്റുകളും ഘടിപ്പിക്കാം, എങ്കിൽ മാത്രമേ ജനങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് സർക്കാരിന് കൃത്യമായി അറിയാൻ കഴിയൂ,” ബ്രിട്ടാസ് പറഞ്ഞു.

ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ഇതിനെ ‘ബിഗ് ബോസ്’ നിരീക്ഷണത്തോടാണ് ഉപമിച്ചത്. സർക്കാർ ജനങ്ങളുടെ ഫോണുകളിൽ സ്ഥിരമായൊരു ‘ചാരക്കണ്ണു’ വെക്കുകയാണെന്ന് അവർ ആരോപിച്ചു.

സഞ്ചാർ സാഥി ആപ്പിന് ആവശ്യമായി വരുന്ന പെർമിഷനുകളാണ് (Permissions) സാങ്കേതിക വിദഗ്ധരെയും ആശങ്കയിലാക്കുന്നത്. ക്യാമറ ഉപയോഗിക്കാനും, കോളുകളും മെസേജുകളും നിരീക്ഷിക്കാനും, ലൊക്കേഷൻ ട്രാക്ക് ചെയ്യാനും ആപ്പിന് അനുവാദം നൽകേണ്ടിവരും. ഇത് ഫോൺ ഉപയോക്താവിന്റെ ഓരോ നീക്കവും നിരീക്ഷിക്കാൻ സർക്കാരിന് അവസരമൊരുക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരു സാധാരണ ആപ്പിന് നൽകേണ്ടതിലും അധികം അധികാരങ്ങൾ ഈ ആപ്പിന് നൽകുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തൽ.

Tagged:

Leave a Reply

Your email address will not be published. Required fields are marked *