Home / Politics / രാഹുലിനെ വീണ്ടും തള്ളിപ്പറഞ്ഞ് പാർട്ടി നേതാക്കൾ, കോൺഗ്രസ് നിൽക്കുന്നത് തല ഉയർത്തിയെന്ന് വി ഡി സതീശൻ

രാഹുലിനെ വീണ്ടും തള്ളിപ്പറഞ്ഞ് പാർട്ടി നേതാക്കൾ, കോൺഗ്രസ് നിൽക്കുന്നത് തല ഉയർത്തിയെന്ന് വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ പി സി സി പ്രസിഡന്റിന് കിട്ടിയ പരാതി ഒരു മണിക്കൂര്‍ പോലും കയ്യില്‍ വയ്ക്കാതെ ഡിജിപിക്ക് കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്ന് പത്തനംതിട്ട കോഴഞ്ചേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ സതീശൻ ചോദിച്ചു.

പ്രധാനപ്പെട്ട പലര്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോ. എന്നാല്‍ കെപിസിസി പ്രസിഡന്റിന് കിട്ടിയ പരാതി അദ്ദേഹം പോലീസിന് കൈമാറി. പോലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെ. ആദ്യ കേസില്‍ എഫ്ഐആര്‍ എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ശക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലാപടെടുത്ത പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിട്ടില്ല. പരാതി പോലും വരാതെയാണ് ആദ്യം മാതൃകാപരമായ നടപടി എടുത്തത്. ഇപ്പോഴത്തെ പരാതി സംബന്ധിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനം എടുക്കും.

പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചത്. എന്നാല്‍ കുറ്റകൃത്യം നടന്നെന്ന പരാതി ആയതിനാല്‍ കെപിസിസി പ്രസിഡന്റ് പോലീസിന് കൈമാറി. ഇങ്ങനെയൊന്നും കേരളത്തില്‍ ഒരു പാര്‍ട്ടിയും ചെയ്തിട്ടില്ല. പലരുടെയും പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി കിട്ടിയിട്ടും പോലും പാര്‍ട്ടി തന്നെ അന്വേഷണം നടത്തി തീര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടു തന്നെ ഞങ്ങള്‍ അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. പരാതി വന്നപ്പോള്‍ തന്നെ പൊലീസിന് കൈമാറി. ഞങ്ങള്‍ ആരും ആരെയും പ്രതിരോധിക്കാന്‍ ഇറങ്ങിയിട്ടില്ല. തെറ്റ് ചെയ്താല്‍ അത് പൊലീസ് അന്വേഷിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് എന്താണ് രാഹുലിനെ പിടി കൂടാത്തതെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. സർക്കാർ അതി ജീവിതയ്‌ക്കൊപ്പമല്ലെന്നും തദ്ദേശ തെരഞ്ഞടുപ്പ് വരെ ഈ വിഷയം നീട്ടി കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി രാഹുലിനെ സസ്‌പെൻഡ് ചെയ്തതാണ്. പാർട്ടി നടപടിയെടുത്ത ആളിനെക്കുറിച്ച് പാർട്ടിക്ക് വേവലാതിപ്പെടേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.

കെപിസിസി നേതൃത്വം പരാതി ഡിജിപി ക്ക് കൈമാറിയതായും തുടർ നടപടികൾ പാർട്ടിയിൽ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *