Home / Economy / വിദേശനയം ട്രംപ് ‘പബ്ലിക്’ ആക്കിയെന്ന് എസ്. ജയശങ്കർ; ‘എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല’; ഇഷ്ടമില്ലെങ്കിൽ വാങ്ങേണ്ട! ​| ജയശങ്കർ ട്രംപ് | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ്

വിദേശനയം ട്രംപ് ‘പബ്ലിക്’ ആക്കിയെന്ന് എസ്. ജയശങ്കർ; ‘എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല’; ഇഷ്ടമില്ലെങ്കിൽ വാങ്ങേണ്ട! ​| ജയശങ്കർ ട്രംപ് | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎസിന്റെ പാരമ്പര്യത്തിൽ നിന്നുള്ള പ്രകടമായ ചുവടുമാറ്റമാണ് ട്രംപിന്റേതെന്നും മുൻപൊരിക്കലും ഒരു യുഎസ് പ്രസിഡന്റ് വിദേശനയത്തെ ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടില്ലെന്നും ജയശങ്കർ ഡൽഹിയിൽ ഒരു പരിപാടിയിൽ പറഞ്ഞു. ലോക രാജ്യങ്ങളോടും സ്വന്തം രാജ്യത്തോടും ട്രംപ് പെരുമാറുന്നത് അമേരിക്കയുടെ പരമ്പരാഗത നയത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ടാണ്. പല നയങ്ങളും ട്രംപ് ആദ്യം ‘പബ്ലിക്’ ആയി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട രാജ്യങ്ങളെപ്പോലും അതിനുശേഷമാണ് അറിയിക്കുന്നത്. ഇത് അസാധാരണമാണെന്നും ലോകമാകെ അത് നേരിടുകയാണെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളെക്കുറിച്ചും ജയശങ്കർ പ്രതികരിച്ചു. ചില ‘ലക്ഷ്മണ രേഖകൾ’ മറികടക്കാനാവില്ലെന്നും കർഷകരുടെയും ചെറുകിട സംരംഭകകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ഇന്ത്യയെ ആക്രമിക്കുകയാണ് യുഎസ്. എന്നാൽ, റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്ന ചൈനയോട് ആ സമീപനം യുഎസിന് ഇല്ല. റഷ്യയുടെ എൽഎൻജി ഇപ്പോഴും ഏറ്റവുമധികം വാങ്ങുന്നത് യൂറോപ്യൻ യൂണിയനാണ്. അവരോടും യുഎസിന് ഈ സമീപനമല്ല ഉള്ളതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത്. 2022ൽ (റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം) എണ്ണവില കുത്തനെ കൂടുമെന്ന ആശങ്ക ലോകമാകെ ഉണ്ടായിരുന്നു. ആ സമയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നെങ്കിൽ ആയിക്കോട്ടെ എന്ന് എല്ലാവരും പഞ്ഞു. എണ്ണവില സ്ഥിരത നേടുമെന്നും ഏവരും അഭിപ്രായപ്പെട്ടു.

നിങ്ങൾക്കിപ്പോൾ ഇന്ത്യയുടെ എണ്ണ ഇഷ്ടമല്ലെന്ന് കരുതുക, നിങ്ങൾ വാങ്ങേണ്ട. ആരും ആരെയും എണ്ണ വാങ്ങാൻ നിർബന്ധിക്കുന്നില്ല. എണ്ണവിലയിൽ സ്ഥിരത ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്, അത് ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യമാണെന്നും ജയശങ്കർ പറഞ്ഞു. ബിസിനസ് മേഖലയോട് ആഭിമുഖ്യമുള്ളവരാണ് യുഎസ് ഭരിക്കുന്നത്. എന്നിട്ടവർതന്നെ ബിസിനസ് ചെയ്യുന്ന മറ്റുള്ളവരെ തടയുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും റഷ്യൻ എണ്ണ വിഷയത്തിൽ അമേരിക്കൻ നിലപാടിനെ ചൂണ്ടിക്കാട്ടി ജയശങ്കർ പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധവിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും എത്രയുംവേഗം യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായി ഇന്ത്യയ്ക്ക് പ്രശ്നങ്ങളുണ്ട്. മുൻപും ഉണ്ടായിരുന്നു. അതെല്ലാം മാറ്റിവച്ചാൽ മറ്റു മേഖലകളിൽ സഹകരണം ശക്തമാണ്. യുഎസും ഇന്ത്യയും വലിയ രാജ്യങ്ങളാണ്. ചർച്ചകൾ തുടരും. റഷ്യൻ‌ എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 25% പിഴ ഉൾപ്പെടെയുള്ള മൊത്തം 50% ഇറക്കുമതി തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരും.

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച തുടർ‌ചർച്ചകൾക്കായി യുഎസ് സംഘം ഈ മാസം ഇന്ത്യയിൽ എത്തേണ്ടതായിരുന്നെങ്കിലും വരുന്നില്ലെന്ന് അവർ അറിയിച്ചിരുന്നു. ഒക്ടോബർ-നവംബറോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമാക്കുകയായിരുന്നു ചർച്ചകളുടെ ലക്ഷ്യം. അമേരിക്കൻ സംഘം യാത്ര ഒഴിവാക്കിയതോടെ കരാർ സമീപഭാവിയിൽ യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങി. ഇന്ത്യയുമായി തൽക്കാലം ചർച്ചയില്ലെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വമ്പൻ ക്ഷീര, കാർഷിക വിപണികളിലേക്ക് യുഎസ് ഉൽപന്നങ്ങൾക്ക് പ്രവേശനം വേണമെന്ന ട്രംപിന്റെ ആവശ്യം ഇന്ത്യ നിരസിച്ചതാണ് അദ്ദേഹത്തിന്റെ അമർഷത്തിനു പിന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *