ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കൈയൊഴിഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡും. രാഹുലിനെ പുറത്താക്കാനാണ് പാർട്ടി തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തിൽ കെപിസിസിയുടെ ശുപാർശയിൽ എഐസിസി ഉടൻ തീരുമാനമെടുക്കും. കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള അനുമതി ഹൈക്കമാൻഡ് നൽകിയതാണ് റിപ്പോർട്ടുകൾ.
രാഹുലിനെ തള്ളി മുതിർന്ന നേതാക്കൾ പരസ്യ പ്രസ്‌താവന നടത്തിയതിന് പിന്നാലെയാണ് പുറത്താക്കാനുള്ള നീക്കവും. കെ മുരളീധരൻ, ഷാനിമോൾ ഉസ്മാൻ, ജെബി മേത്തർ എന്നിവർ രാഹുലിനെതിരെ കടുത്ത നടപടിയാണ് ആവശ്യപ്പെട്ടത്. പുകഞ്ഞ കൊള്ളി പുറത്താണെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം ആയെന്നുമായിരുന്നു മുരളീധരൻ പ്രതികരിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടക്കത്തിലെ വിശദമായ റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകിയിരുന്നു. പരാതികൾ ഗുരുതര സ്വഭാവം ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് സമയത്ത് ഇതു പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി ധരിപ്പിച്ചിരുന്നു.
രാഹുലിന്റെ ലൈംഗിക പീഡനം, നിർബന്ധിത ഗർഭഛിദ്രം എന്നിവ വെളിവാക്കുന്ന ഓഡിയോ ക്ലിപ്പുകളാണ് ടെലിവിഷൻ ചാനലുകൾ ആദ്യം പുറത്ത് വിട്ടത്. തുടർന്ന് ഇയാൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു. എന്നാൽ പരാതിയില്ലെന്ന സാങ്കേതികത്വം കാണിച്ച് പാലക്കാട് വീണ്ടും സജീവമാകാൻ ശ്രമിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. ഇത് പാർട്ടി നേതാക്കളിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു.
നവംബർ 27 നാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ മറ്റൊരു യുവതി സമാന പരാതികളുമായി രംഗത്ത് വന്നത്. കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ ഏഴ് ദിവസമായി ഒളിവിലാണ്.










