Home / Politics / വീണ്ടും അടിത്തട്ടിലേക്ക്; തദ്ദേശപ്പോരിൽ മാറ്റുരയ്ക്കാൻ അഞ്ച് മുൻ എംഎൽഎമാർ

വീണ്ടും അടിത്തട്ടിലേക്ക്; തദ്ദേശപ്പോരിൽ മാറ്റുരയ്ക്കാൻ അഞ്ച് മുൻ എംഎൽഎമാർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടി അഞ്ച് മുൻ എംഎൽഎമാർ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന കളരിയിലേക്ക് മടങ്ങിയെത്തി ജനപിന്തുണ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, കെ.എസ്. ശബരീനാഥൻ, ഇ.എം. അഗസ്തി, സിപിഎം നേതാവ് കെ.സി. രാജഗോപാലൻ, സിപിഐ നേതാവ് ആർ. ലതാ ദേവി എന്നിവരാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

തൃശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ സാൻസ്ക്രിറ്റ് കോളേജ് വാർഡിലാണ് മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര ജനവിധി തേടുന്നത്. 2000 മുതൽ തുടർച്ചയായി രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനിൽ അക്കരയ്ക്ക് പ്രാദേശിക ഭരണത്തിൽ മുൻപരിചയവും പ്രാവീണ്യവുമുണ്ട്. അനിൽ അക്കരയുടെ ഭരണത്തിൽ മികച്ച പ്രവർത്തനത്തിനുള്ള വിവിധ അവാർഡുകൾ പഞ്ചായത്ത് നേടിയിരുന്നു. അടാട്ട് പഞ്ചായത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അനിൽ അക്കര പറയുന്നു.

തിരുവനന്തപുരം കോർപറേഷൻ കവടിയാർ വാർഡിൽ നിന്നാണ് മുൻ അരുവിക്കര എംഎൽഎ കെ.എസ്. ശബരീനാഥൻ മത്സരിക്കുന്നത്. യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായാണ് ശബരീനാഥനെ ഉയർത്തിക്കാട്ടുന്നത്. തലസ്ഥാന നഗരസഭയിൽ പാർട്ടിക്ക് പുതുജീവൻ നൽകാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

പത്തനംതിട്ട ജില്ലയിലെ മെഴുേവലി ഗ്രാമപഞ്ചായത്തിലെ മാരാമൺ വാർഡിലാണ് സിപിഎം മുതിർന്ന നേതാവും മുൻ ആറന്മുള എംഎൽഎയുമായ കെ.സി. രാജഗോപാലൻ മത്സരിക്കുന്നത്. 1979-ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും 1988-ൽ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന രാജഗോപാലൻ, പ്രാദേശിക പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീണ്ടും മത്സരരംഗത്തെത്തിയത്.

കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ നേതാവ് ആർ. ലതാ ദേവി മത്സരിക്കുന്നത്. മുൻ ചടയമംഗലം എംഎൽഎയായ ഇവർ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഇടുക്കി കട്ടപ്പന നഗരസഭയിലെ ഇരുപതേക്കർ വാർഡിലാണ് മുൻ എംഎൽഎ ഇ.എം. അഗസ്തി ജനവിധി തേടുന്നത്. ഉടുമ്പൻചോലയിൽ നിന്നും പീരുമേട്ടിൽ നിന്നുമായി മൂന്നുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഗസ്തി, 1978-ൽ കട്ടപ്പന പഞ്ചായത്ത് മെമ്പറായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ പോലെ പ്രധാനപ്പെട്ടതാണെന്നാണ് അഗസ്തിയുടെ പക്ഷം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *