ഫോട്ടോഗ്രാഫി പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ ശ്രേണി ഇതാ മാര്‍ക്കറ്റിലേക്ക്. പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നീ പേരുകളിലാണ് നാലു പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പിക്‌സല്‍ ശ്രേണിയില്‍ കണ്ടിരിക്കുന്നതിലേക്കും ശക്തിയേറിയ ടെന്‍സര്‍ ജി5 പ്രൊസറാണ് പിക്‌സല്‍ സീരിസല്‍. 3എന്‍എം നോഡ് ഉപയോഗിച്ചിരിക്കുന്നു. ഐഫോണ്‍ 16 സീരിസിലെ എ18 ചിപ്പ്‌സെറ്റിലുള്ള അതേ നോഡ് ആണിത്. കമ്പനി ശ്രദ്ധാപൂര്‍വ്വം ടിഎസ്എംസി വഴി നിര്‍മ്മിച്ചെടുത്തതാണിത്. ഐഫോണുകളുടെ പ്രൊസസറുകളും നിര്‍മ്മിച്ചു നല്‍കുന്നത് ടിഎസ്എംസിയാണ്. കാര്യമായ പ്രകടനക്കുതിപ്പ് പുതിയ പ്രൊസസറില്‍ പ്രതീക്ഷിക്കുന്നു എന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. പിക്‌സല്‍ 10 സീരിസിന്റെ ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റിന് പിക്‌സല്‍ 9 സീരിസിനെ അപേക്ഷിച്ച് 34 ശതമാനം അധിക വേഗതയുണ്ടെന്ന് പറയപ്പെടുന്നു. ഗൂഗിള്‍ ടെന്‍സര്‍ പ്രൊസസിങ് യൂണിറ്റിന് (ടിപിയു) 65 ശതമാനം അധിക കരുത്തുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതോടെ നിര്‍മ്മിത ബുദ്ധിയില്‍ (എഐ) ഊന്നിയ കൃത്യനിര്‍വ്വഹണം കൂടുതല്‍ അനായാസമായി നടത്താന്‍ സാധിച്ചേക്കും. ഏറ്റവും കരുത്തുറ്റ എഐ പ്രൊസസിങ് നടത്താന്‍ ശേഷിയുള്ള ഫോണ്‍ സീരിസുകളില്‍ ഒന്നായിരിക്കും പിക്‌സല്‍ 10.
ക്യാമറ
ക്യാമറയുടെ കാര്യത്തിലും കാര്യമായ അപ്‌ഗ്രേഡ് പിക്‌സല്‍ 10 സീരിസില്‍ നല്‍കുന്നു എന്നതാണ് മറ്റൊരു അവകാശവാദം. പിക്‌സല്‍ 9ല്‍ കണ്ട ഇരട്ട പിന്‍ക്യാമറാ സെറ്റ്അപ്പിനു പകരം പിക്‌സല്‍ 10ല്‍ മൂന്നു ക്യാമറകള്‍ കണ്‍മിഴിക്കാനായി കാത്തിരിക്കുന്നു. 48എംപി പ്രധാന സെന്‍സറാണ് പുതിയ താരം. 13എംപി അള്‍ട്രാവൈഡ്, 10.8എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവ അകമ്പടി സേവിക്കുന്നു. ടെലി സെന്‍സറിന് 5മടങ്ങ് സൂം ആണ് ലഭിക്കുന്നത്. 20 മടങ്ങ് സൂപ്പര്‍ റെസ് സൂമും ലഭിക്കും. സെല്‍ഫി ക്യാമറയ്ക്ക് 10.5എംപി റെസലൂഷനും നല്‍കിയിരിക്കുന്നു.
ഐഫോണ്‍ 17ന്റെ തുടക്ക വേരിയന്റിന്റെ വില തന്നെയായിരിക്കും ഇതിന് എന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് പണമെറിയാന്‍ അല്‍പ്പം ആലോചിക്കേണ്ടിവന്നേക്കും. ഐഫോണ്‍ 17ല്‍ ഇരട്ട പിന്‍ക്യാമറകളെ കണ്ടേക്കൂ. പിക്‌സല്‍ 10 വാനില വേരിയന്റിന് 12 ജിബി റാം ഉണ്ട്. പിക്‌സല്‍ 10 പ്രോ, പ്രോ എക്‌സ്എല്‍ വേരിയന്റുകള്‍ക്ക് 16ജിബി റാം ലഭിക്കുന്നു.
പിക്‌സല്‍ 10 പ്രോ, പ്രോ എക്‌സ്എല്‍ മോഡലുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേ മോഡലുകളുടേതിനു സമാനമായ ക്യാമറാ സെറ്റ്അപ്പ് ആണ്. പക്ഷെ, ഫോട്ടോകളുടെ ഗുണനിലവാരം കാര്യമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് ആദ്യം ലഭിക്കുന്ന സൂചന. ഇരു മോഡലുകള്‍ക്കും 50എംപി പ്രധാന ക്യാമറയാണ് ഉള്ളത്. 48എംപി അള്‍ട്രാവൈഡ്, 48എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഉള്ളത്. ടെലി റീച്ച് 5 മടങ്ങു തന്നെ.
100മടങ്ങ് പ്രൊ റെസ് സൂം!
പിക്‌സല്‍ 10 പ്രോ, പ്രോ എക്‌സ്എല്‍ മോഡലുകള്‍ക്ക് പ്രോ റെസ് സൂം ആണ് ഉള്ളത്. എഐ ശേഷി അടക്കം ആവഹിച്ച് 100മടങ്ങ് വരെ റീച്ച് നല്‍കുന്നു. എന്നാല്‍, ഈ അധിക റീച്ച് ഒക്കെ എത്ര പ്രയോജനപ്രദമാണെന്ന കാര്യം ഉപയോഗിച്ചു നോക്കിയാല്‍ മാത്രമെ പറയാനൊക്കൂ.

പിക്‌സല്‍ 10 പ്രോ ഫോള്‍ഡ്
പ്രീമിയം ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നാണ് പിക്‌സല്‍ 10 പ്രോ ഫോള്‍ഡ്. ഇന്നേവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് മികച്ച ഫോള്‍ഡബിള്‍ ഫോണുകളിലൊന്ന്. പുറത്തെ ഡിസ്‌പ്ലെക്ക് 6.4-ഇഞ്ച് ആണ് വിലിപ്പം. തുറക്കുമ്പോള്‍ ലഭിക്കുന്നത് 8-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും. ടൈറ്റന്‍ എം2 കോ പ്രൊസസറും ഇതിനുണ്ട്. 16ജിബി റാമും, 1ടിബി വരെ സംഭരണശേഷിയും ഉണ്ട്. പിന്‍ ക്യാമറകള്‍ പിക്‌സല്‍ 10ന്റേതിനു സമാനം. മുന്നില്‍ ഇരട്ടെ 10എംപി സെല്‍ഫി ക്യാമറയും.
5,015എംഎഎച്ച് ബാറ്ററി, 30w ഫാസ്റ്റ് ചാര്‍ജിങ്. സ്റ്റെറിയോ സ്പീക്കറുകള്‍, ട്രിപ്പിള്‍ മൈക്രോഫോണുകള്‍, സൈഡില്‍ ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍. 1,799 ഡോളറാണ് വില. ഗിയര്‍ ഇല്ലാത്ത ഫോള്‍ഡിങ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ 10 വര്‍ഷം വരെ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിച്ചേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഏഴു വര്‍ഷത്തേക്ക് ഓഎസ് അപ്‌ഡേറ്റ്
പിക്‌സല്‍ 10 സീരിസ് പെട്ടിയില്‍ നിന്നു പുറത്തെടുക്കുമ്പോള്‍ തന്നെ ലഭിക്കുന്നത് കളങ്കമേശാത്ത ആന്‍ഡ്രോയിഡ് 10 ആയിരിക്കും. സാംസങ് അടക്കമുള്ള മറ്റ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ മേലാടകള്‍ അണിയിച്ചായിരിക്കും ആന്‍ഡ്രോയിഡ് ഓസ് ഒരുക്കുന്നത്. പല കമ്പനികളും ധാരാളം ബ്ലോട്ട്‌വെയറുകളും തിരുകും. കൂടാതെ, അടുത്ത ഏഴു വര്‍ഷത്തേക്ക് ഓഎസ് അപ്‌ഡേറ്റ് പിക്‌സല്‍ 10 ശ്രേണിക്കു നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് ഗൂഗിള്‍ പറയുന്നത്. സുരക്ഷാ പാച്ചുകളും ഇതില്‍ ഉള്‍പ്പെടും. ആപ്പിളും ഏകദേശം 7 അപ്‌ഡേറ്റുകള്‍ വരെ നല്‍കാറുണ്ട്.
ബാറ്ററി
ടെന്‍സര്‍ 5 പ്രൊസസറിന് 30 മണിക്കൂര്‍ നേരത്തേക്ക് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പല ഇടത്തരം ഉപയോക്താക്കള്‍ക്കും ഫോണ്‍ 2 ദിവസത്തോളം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കും.
ബ്രൈറ്റ്‌നസ് 3000 നിറ്റ്‌സ് വരെ
പിക്‌സല്‍ 10 സീരിസിന്റെ സ്‌ക്രീനിന് 3000നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് ലഭിക്കും. സൂര്യപ്രകാശം സ്‌ക്രീനില്‍ നേരിട്ട് അടിക്കുമ്പോള്‍ പോലും വ്യക്തത നിലനിര്‍ത്താന്‍ സകാധിച്ചേക്കും.
ഓഡിയോ അനുഭവം മെച്ചപ്പെടും
പുതിയ സീരിസില്‍ മുന്‍ മോഡലുകളെക്കാള്‍ മികവാര്‍ന്ന ഓഡിയോ അനുഭവവും ലഭിക്കുമെന്നും കമ്പനി പറയുന്നു. കൂടുതല്‍ ബേസ് കിട്ടും.
പിക്‌സല്‍ സ്നാപ്
ആപ്പിളിന്റെ മാഗ്‌സേഫ് സാങ്കേതികവിദ്യപോലെയുള്ള പിക്‌സനല്‍ സ്‌നാപ് ടെക്‌നോളജിയും പിക്‌സല്‍ 10 സീരിസില്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജറുകള്‍, സ്റ്റാന്‍ഡുകള്‍, ഗ്രിപ്പുകള്‍ മറ്റ് അക്‌സസറികള്‍ തുടങ്ങിയവ വയറുകളില്ലാതെ നേരിട്ട് പിക്‌സല്‍ 10 സീരിസില്‍ പിടിപ്പിക്കാം. വയര്‍ലെസ് ചാര്‍ജിങ് സ്പീഡ് 25w ആണ്.
വില 79,999 മുതല്‍ 1,24,999 വരെ
ഈ വര്‍ഷത്തെ പിക്‌സല്‍ ശ്രേണിയുടെ വില വില 79,999 രൂപ മുതല്‍ 1,24,999 രൂപ വരെയാണ്. പിക്‌സല്‍ 10 തുടക്ക വേരിയന്റിന് 79,999 രൂപയാണ് നല്‍കേണ്ടത്. പിക്‌സല്‍ 10 പ്രോയുടെ വില 1,09,999 രൂപയും, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍ മോഡലിന്റേത് 1,24,999 രൂപയുമായിരിക്കും.
ഗൂഗിള്‍ എഐ പ്രോ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍
നിര്‍മിത ബുദ്ധിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നായ ഗൂഗിള്‍ തങ്ങളുടെ ഗൂഗിള്‍ എഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ പിക്‌സല്‍ 10 സീരിസ് വാങ്ങുന്നവര്‍ക്ക് 1 വര്‍ഷത്തേക്ക് സൗജന്യമായി നല്‍കുന്നു. ജെമിനൈ 2.5 പ്രോ, വിയോ, ഫ്‌ളോ, വിസ്‌ക്, നോട്ട്ബുക്ക്എല്‍എം (കൂടുതല്‍ ലിമിറ്റ്‌സ്), എഐ മോഡില്‍ ഡീപ് സേര്‍ച്ച്, ഗൂഗിളിന്റെ സേവനങ്ങളായ ജിമെയില്‍, ഡോക്‌സ് വിഡ്‌സ് തുടങ്ങിയവയിലെല്ലാം ജെമിനൈയുടെ സാന്നിധ്യം തുടങ്ങിയവയെല്ലാം അടക്കമാണ് ഇത്. അതിനു പുറമെ 2ടിബി ക്ലൗഡ് സ്റ്റോറേജും, പ്രതിമാസം 1,000 എഐ ക്രെഡിറ്റ്‌സും നല്‍കുന്നു.