പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിരുവനന്തപുരം സെഷൻസ് കോടതി മാറ്റി വെച്ചു. അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് വിധി പ്രസ്താവം മാറ്റിയത്.
കേസുമായി ബന്ധപ്പെട്ട ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിധി എപ്പോഴുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധന പൂർത്തിയായാൽ ഉടൻ വിധി പ്രസ്താവിക്കുമെന്നാണ് സൂചന.
അതേസമയം, വിധി വരുന്നത് വൈകുകയാണെങ്കിൽ അതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും, അക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഇന്നലെ പുറത്ത് വന്ന പരാതി കോൺഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. ഇത് രാഹുലിനെതിരായ ലൈംഗിക പീഡന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ ഒളിവിലാണ്.
നവംബർ 27 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയത്. ലൈംഗിക പീഡനം, നിർബന്ധിത ഗർഛിദ്രം തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് മറ്റൊരു അതിജീവിത ഇന്നലെ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നത്.










