Home / Politics / ‘സിപിഎമ്മിന്റെ മുന്നിൽ വന്ന ഒരു പരാതിയും പോലീസിന് കൈമാറിയിട്ടില്ല, കോൺഗ്രസ് നടപടി മാതൃകാപരം,’ വി ഡി സതീശൻ

‘സിപിഎമ്മിന്റെ മുന്നിൽ വന്ന ഒരു പരാതിയും പോലീസിന് കൈമാറിയിട്ടില്ല, കോൺഗ്രസ് നടപടി മാതൃകാപരം,’ വി ഡി സതീശൻ

ഗൗരവകരമായ തെളിവുകള്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെ കോടതിക്ക് മുന്നിലുള്ളതുകൊണ്ടാണ് അവർക്ക് ജാമ്യം നിഷോധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി നിയോഗിച്ച എസ്ഐടിയുടെ അന്വേഷണത്തിലാണ് മുന്‍ ദേവസ്വം പ്രസിഡന്റുമാരായ എന്‍ പത്മകുമാറും വാസുവും ജയിലിലായത്. പ്രായത്തിന്റെ പരിഗണന നല്‍കണമെന്ന വാദം പോലും കോടതി അനുവദിച്ചില്ല. അത്രയും ഗുരുതരമായ കുറ്റമാണ് അവര്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും അവര്‍ക്കെതിരെ സിപിഎം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് വിസ്മയകരമാണെന്നും അദ്ദേഹം ഇടുക്കിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇവർ മറ്റു നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമോയെന്നാണ് സിപിഎമ്മിന്റെ പേടി. ജയിലിലേക്കുള്ള സിപിഎം നേതാക്കളുടെ ഘോഷയാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇനിയും കൂടുതല്‍ സിപിഎം നേതാക്കള്‍ ജയിലിലേക്ക് പോകും. പരാതി പോലും ഇല്ലാത്ത സമയത്താണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇന്നലെ കിട്ടിയ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണത്. എന്തൊരു നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. അതുപോലെയാണോ കേരളത്തിലെ കോണ്‍ഗ്രസെന്നും വി ഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെയും കോടിയേരി ബലകൃഷ്ണന്റെയും എംവി ഗോവിന്ദന്റെയും കയ്യില്‍ ഇത്തരത്തിലുള്ള എത്രയോ പരാതികളുണ്ട്. ഒരു പരാതി പോലും പൊലീസിന് കൈമാറാതെ പാര്‍ട്ടി തന്നെ കോടതിയായി തീരുമാനമെടുത്തു. ഒരു പരാതികളും നിയമത്തിന് മുന്നിലേക്ക് വിട്ടില്ല. എത്ര മാതൃകാപരമായാണ് കോണ്‍ഗ്രസ് നടപടി എടുത്തത്. ഇപ്പോള്‍ കിട്ടിയ പരാതിയെ കുറിച്ച് നേതൃത്വം കൂട്ടായി ആലോചന നടത്തി തീരുമാനം എടുക്കും.

പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്. കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ? റേപ്പ് കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിക്കൊണ്ടാണ് സിപിഎം വലിയ വര്‍ത്തമാനം പറയുന്നതെന്നും സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *