Home / Technology / ‘പൂത്തുമ്പീ കുർള മമ്മീ’യുമായി വീണ്ടും ടിക്ടോക് തിരിച്ചുവന്നോ? അറിയാം, യാഥാർഥ്യം

‘പൂത്തുമ്പീ കുർള മമ്മീ’യുമായി വീണ്ടും ടിക്ടോക് തിരിച്ചുവന്നോ? അറിയാം, യാഥാർഥ്യം

_നിന്മൊഴി കേട്ടാൽ. പാൽക്കടലലകൾ കരയുടെ മാറിലുറങ്ങും,….പൂത്തുമ്പി കുര്‍ള മമ്മി( അഥവാ പ്രൊഥൊം ബിയെ കൊര്‍‌ലാം അമി ജെലാ ബൊര്‍ധമാന്)..ഇതൊക്കെ അലയടിച്ചിരുന്ന കാലം ഓർമയുണ്ടോ?_

മലയാളികൾക്കിടയിൽ അലയടിച്ച വികാരമായിരുന്നു ഒരു കാലഘട്ടത്തിൽ ടിക്ടോക് എന്ന പ്ലാറ്റ്‌ഫോം. ഇന്ത്യയിൽ നിരോധിക്കപ്പെട്ടതോടെ ആ ട്രെൻഡുകൾക്ക് ഒരു വിരാമമായി. എന്നാൽ അടുത്തിടെ, ചില ഉപയോക്താക്കൾക്ക് ടിക്ടോക് വെബ്സൈറ്റ് ലഭ്യമായതോടെ, നിരോധനം നീക്കിയോ എന്നൊരു ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നു.

![കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ച പത്ത് ലക്ഷത്തിലേറെ വിഡിയോകൾ ടിക് ടോക് നീക്കി.

സത്യം എന്താണ്? ഇല്ല, ടിക്ടോക്കിനുള്ള നിരോധനം സർക്കാർ നീക്കിയിട്ടില്ല. ഇന്ത്യയിൽ ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്കുള്ള നിരോധനം ഇപ്പോഴും നിലനിൽക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ടിക്ടോക് വെബ്സൈറ്റ് ആക്‌സസ് ചെയ്യാൻ സാധിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയാണ്, ‘ഇന്ത്യൻ സർക്കാർ ടിക്ടോക്കിന് നിരോധനം നീക്കി ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. അത്തരം വാർത്തകൾ തെറ്റിദ്ധാരണാജനകമാണ്’ എന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.

എന്തുകൊണ്ടാണ് ഈ ആശയക്കുഴപ്പം? ചില ഉപയോക്താക്കൾക്ക് ടിക്ടോക് വെബ്സൈറ്റ് തുറന്നു വന്നെങ്കിലും, അതിൽ വിഡിയോകൾ കാണാനോ ലോഗിൻ ചെയ്യാനോ സാധിച്ചിരുന്നില്ല. മാത്രമല്ല, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക്ടോക് ആപ്ലിക്കേഷൻ ഇപ്പോഴും ലഭ്യമല്ല. ഇതിൽ നിന്ന് തന്നെ ടിക്ടോക് പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല എന്ന് വ്യക്തമാണ്.

2020-ൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ടിക്ടോക്, ഹെലോ, വീചാറ്റ് തുടങ്ങിയ ജനപ്രിയ ആപ്പുകളും ഈ പട്ടികയിലുണ്ടായിരുന്നു. ഈ ആപ്പുകൾ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് സർക്കാർ വിലയിരുത്തി. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് ഇന്ത്യക്ക് പുറത്തേക്ക് അയക്കുന്നു എന്ന ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകളും നിരോധനത്തിന് കാരണമായി. **ഇന്ത്യ-ചൈന ബന്ധത്തിലെ മാറ്റങ്ങൾ** ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ അടുത്തിടെ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ട്. ലിപുലേഖ് പാസ്, ഷിപ്കി ലാ പാസ്, നാഥു ലാ പാസ് എന്നീ മൂന്ന് അതിർത്തി വ്യാപാര കേന്ദ്രങ്ങളിലൂടെയുള്ള കച്ചവടം ഇരു രാജ്യങ്ങളും പുനരാരംഭിച്ചു. ചൈനയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുന്നതിനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും മാധ്യമപ്രവർത്തകർക്കും എളുപ്പത്തിൽ വിസ ലഭ്യമാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും, ഈ സൗഹൃദപരമായ നീക്കങ്ങൾ ടിക്ടോക്കിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. നിലവിൽ, ടിക്ടോക് ഇപ്പോഴും ഇന്ത്യയിൽ നിരോധിക്കപ്പെട്ട ആപ്ലിക്കേഷനായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *