ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി. കേസിലെ പ്രതികളായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ദേവസ്വം ബോർഡിലെ ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്നും നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദീൻ കഴിഞ്ഞ ദിവസം ജാമ്യാപേക്ഷകൾ തള്ളിയത്.
കേസിലെ ഒന്നാം പ്രതിയായ കരാറുകാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ഷേത്രത്തിൽ യഥേഷ്ടം ഇടപെടാനുള്ള അവസരം ലഭിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിലെ ഉന്നത തലത്തിലുള്ളവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്രയും വലിയൊരു കൊള്ള നടക്കില്ല. സ്വർണം പൊതിഞ്ഞ പാളികൾ ചെമ്പ് പാളികൾ മാത്രമാണെന്ന് രേഖകളിൽ തിരുത്തി എഴുതിയത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
എസ്. ജയശ്രീ 2019-ൽ ദേവസ്വം ബോർഡിന്റെ അറിവോ തീരുമാനമോ ഇല്ലാതെ, സ്വർണം പൊതിഞ്ഞ പാളികൾ കരാറുകാരനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടു എന്നതാണ് ജയശ്രീയ്ക്കെതിരായ കുറ്റങ്ങൾ. എസ് ശ്രീകുമാർ സ്വർണം പൊതിഞ്ഞ ദ്വാരപാലക വിഗ്രഹങ്ങളുടെ പാളികൾ വെറും ‘ചെമ്പ് പാളികൾ’ എന്ന് തെറ്റായി രേഖപ്പെടുത്തിയ മഹസറിൽ ഒപ്പുവെച്ചു എന്നതാണ് ശ്രീകുമാറിനെതിരായ കുറ്റം. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ വസ്തുവകകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി.
ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, പ്രസിഡന്റും കമ്മീഷണറുമായ എൻ വാസു ഉൾപ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം (SIT) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയുടെ വ്യാപ്തി വലുതാണെന്നും, കൂടുതൽ ഉന്നതർക്ക് ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.










