പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസ് ‘പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ലൈംഗിക വൈകൃത നടപടികളാണ് അയാളില്‍ നിന്ന് ഉണ്ടായതെന്നും ഇതാണോ ഒരു പൊതുപ്രവര്‍ത്തകനും പൊതുസമൂഹത്തിനും ചേര്‍ന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത്തരമൊരു ആരോപണം വന്നപ്പോള്‍ തന്നെ അയാളെ മാറ്റി നിര്‍ത്തുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തിന് അറിവുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എല്ലാം അറിഞ്ഞിട്ടും ഇയാളെ ‘ഭാവിയിലെ നിക്ഷേപം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്. വലിയ പാരമ്പര്യമുള്ള കോൺഗ്രസിനെ പോലൊരു പാർട്ടിയ്ക്ക് ഇത് യോജിച്ചതാണോ എന്നും ആ പാരമ്പര്യം കളഞ്ഞുകുളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് പിടികൂടാത്തത് ഒത്തുകളിയാണെന്നാണ് ചിലർ പറയുന്നത്. പോലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. എന്നാൽ പോലീസിനെ വെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് ചിലർ സ്വീകരിക്കുന്നത്. ബോധപൂർവ്വം പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പോലീസ് ഫലപ്രദമായി പ്രവർത്തിച്ച് പ്രതിയെ കണ്ടെത്തും.
ഇയാളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവ് സംസാരിക്കുമ്പോൾ പോലും പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരമൊരു വ്യക്തിക്ക് എന്തിനാണ് സംരക്ഷണവലയം ഒരുക്കുന്നത്?.
ജോൺ ബ്രിട്ടാസ് വിവാദം
എംപി എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചത്. എംപിമാര്‍ കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരാണ്. ആ പ്രവര്‍ത്തനം ഏറിയും കുറഞ്ഞും ഇപ്പോള്‍ എംപിമാര്‍ നടത്താറുണ്ട്. ബ്രിട്ടാസിന്റെ ഇടപെടല്‍ ശേഷി നാട് അംഗീകരിക്കുന്നതാണ്. അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള നടപടിയായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
പി എം ശ്രീ പദ്ധതിയിൽ കേരളത്തിനും കേന്ദ്രത്തിനും ഇടയിൽ മധ്യവർത്തിയായി പ്രവർത്തിച്ചത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.










