തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ-എറണാകുളം ജില്ലാ അതിർത്തികളിൽ തുടർച്ചയായി അഞ്ച് ദിവസം മദ്യവിൽപന നിരോധിച്ചു (ഡ്രൈ ഡേ). തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള എല്ലാ മദ്യശാലകളും അടച്ചിടാനാണ് നിർദ്ദേശം. ഡിസംബർ 9, 11 എന്നീ തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിൽ തെരഞ്ഞടുപ്പ് നടക്കും.
വോട്ടെടുപ്പിന്റെ ക്രമീകരണങ്ങൾ കാരണമാണ് അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായ അവധി വരുന്നത്.
ആദ്യ ഘട്ട വോട്ടെട്ടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 7 വൈകുന്നേരം 6 മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ഡിസംബർ 9 ഈ പ്രദേശങ്ങളിൽ ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളിൽ എറണാകുളം ജില്ലയുമായി അതിർത്തി പങ്കിടുന്ന തൃശൂർ ജില്ലയിലെ അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല.
തൃശൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ്. ഇവിടെ ഡിസംബർ 9 വൈകുന്നേരം 6 മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ മദ്യവിൽപന നിരോധിച്ചിട്ടുണ്ട്. ഈ സമയത്ത് തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന എറണാകുളം ജില്ലയിലെ മദ്യശാലകളും അടച്ചിടേണ്ടി വരും.
ഫലത്തിൽ, രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നതിനാൽ ജില്ലാ അതിർത്തികളിലെ മദ്യശാലകൾക്ക് ഡിസംബർ 7 വൈകുന്നേരം മുതൽ 11 വരെ തുടർച്ചയായി 5 ദിവസം തുറന്നു പ്രവർത്തിക്കാൻ സാധിക്കില്ല.










