നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച വിധി വരാനിരിക്കെ, നടൻ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച മെസ്സേജുകൾ പുറത്ത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. 2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം വാട്സ്ആപ്പിലാണ് ദിലീപ് മുഖ്യമന്ത്രിക്ക് താൻ നിരപരാധിയാണെന്ന തരത്തിൽ മെസ്സേജ് അയച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നുമായിരുന്നു ദിലീപിൻറെ മെസ്സേജുകൾ.
കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ പേര് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ദിലീപ് മുഖ്യമന്ത്രിയുമായും അന്നത്തെ ഡിജിപിയുമായും ബന്ധപ്പെടാൻ ശ്രമിച്ചത്.
എന്നാൽ പൾസർ സുനി പിടിയിലാകുമെന്ന ഘട്ടത്തിൽ ദിലീപ് പരിഭ്രാന്തനായെന്നും, ഉന്നതരെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സന്ദേശങ്ങൾ അയച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇത് ദിലീപിന്റെ അസ്വസ്ഥതയും ഭയവും വെളിപ്പെടുത്തുന്നതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട്, കാവ്യ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് നടി സൂചിപ്പിച്ചതാണ് പകയ്ക്ക് കാരണമെന്നും ഇതാണ് ആക്രമിക്കാൻ ക്വട്ടേഷൻ നല്കുന്നതിലേക്ക് നയിച്ചതെന്നുമാണ് കേസ്.
കേസിൽ അന്തിമ വിധി വരാനിരിക്കെയാണ് നിർണായക വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നത്. പല വഴിത്തിരിവുകൾ കണ്ട, ദീർഘകാലം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ കോടതി വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം.










