തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണത്തിന് ആവേശകരമായ അന്ത്യം. ഇന്ന് വൈകിട്ട് 6 മണിയോടെ ചൊവ്വാഴ്ച ആദ്യ ഘട്ടത്തിൽ തെരെഞ്ഞടുപ്പ് നടക്കുന്ന കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യ പ്രചരണം അവസാനിച്ചത്. ഡിസംബർ 9 നാണ് ഈ ജില്ലകളിൽ നടക്കുന്നത്.
കലാശക്കൊട്ട് അവസാനവട്ട വോട്ടുറപ്പിക്കാനായി എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ റോഡ് ഷോകളും ബൈക്ക് റാലികളും പ്രകടനങ്ങളുമായി നിരത്തിലിറങ്ങി. സ്ഥാനാർത്ഥികളും നേതാക്കളും അവസാന മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ടു.
തിരുവനന്തപുരം ജഗതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണന്റെ കലാശക്കൊട്ടിന് മന്ത്രി കെ ബി ഗണേഷ് കുമാർ നേതൃത്വം നൽകി. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. എറണാകുളം കളമശേരി നഗരസഭയിലെ കങ്ങരപ്പടിയിൽ നടന്ന എൽഡിഎഫ് കലാശക്കൊട്ടിൽ മന്ത്രി പി രാജീവ് പങ്കെടുത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ജയ്സൺ ജോസഫ് ഓട്ടോറിക്ഷകളും ബൈക്കുകളും അണിനിരത്തി വ്യത്യസ്തമായ റോഡ് ഷോ നടത്തി. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ടൗണിൽ നടന്ന യുഡിഎഫ് കലാശക്കൊട്ടിൽ കൺവീനർ അടൂർ പ്രകാശ് എംപി പങ്കെടുത്തു.
പ്രചരണത്തിനിടെ കോഴിക്കോട് കോർപറേഷനിലെ 32-ാം ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി സുബിജയ്ക്ക് പരിക്കേറ്റു. ഗൃഹസന്ദർശനത്തിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിൽ തൃശൂരിൽ നടക്കേണ്ടിയിരുന്ന സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മത്സരം മാറ്റി വെച്ചു. തെരഞ്ഞെടുപ്പും ശബരിമല സീസണും ആയതിനാൽ സുരക്ഷയ്ക്കായി ആവശ്യത്തിന് പോലീസിനെ വിന്യസിക്കാൻ കഴിയാത്തതിനാലാണ് മത്സരം മാറ്റിയതെന്ന് പോലീസ് അറിയിച്ചു.
പരസ്യപ്രചാരണം അവസാനിച്ചതോടെ ഏഴ് ജില്ലകളും ഇനി നിശബ്ദ പ്രചാരണത്തിലേക്ക് കടക്കും. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കനത്ത സുരക്ഷയും അതിർത്തികളിൽ ഡ്രൈ ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.










