Home / Kerala / ആദ്യം അതിജീവിതയ്‌ക്കൊപ്പം; പിന്നീട് ദിലീപിനൊപ്പം കോടതിയിൽ കൂറുമാറിയത് ഇവർ

ആദ്യം അതിജീവിതയ്‌ക്കൊപ്പം; പിന്നീട് ദിലീപിനൊപ്പം കോടതിയിൽ കൂറുമാറിയത് ഇവർ

മലയാള സിനിമാ ലോകത്തെയും പൊതുസമൂഹത്തെയും ഒരുപോലെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസിലെ വിചാരണ നാടകീയമായ പല വെളിപ്പെടുത്തലുകൾക്കും സാക്ഷ്യം വഹിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ‘അവൾക്കൊപ്പം’ എന്ന് ഉറക്കെ പ്രഖ്യാപിച്ച പലരും കോടതി മുറിയിൽ എത്തിയപ്പോൾ ‘വേട്ടക്കാരനൊപ്പം’ നിലയുറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

എട്ട് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനിടയിൽ 28 സാക്ഷികളാണ് കൂറുമാറിയത്. ഇതിൽ പ്രമുഖ സിനിമാ താരങ്ങൾ മുതൽ ദിലീപിന്റെയും കാവ്യയുടെയും ബന്ധുക്കളും ജീവനക്കാരും വരെ ഉൾപ്പെടുന്നു. ഭാമ, സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ തുടങ്ങിയ പ്രമുഖ താരങ്ങൾ പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് വിചാരണ വേളയിൽ മലക്കം മറിഞ്ഞത് കേസിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

അമ്മ സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു, ദിലീപ് തനിക്ക് സിനിമയിൽ അവസരങ്ങൾ നിഷേധിക്കുന്നുവെന്ന് അതിജീവിത പരാതിപ്പെട്ടതായി ആദ്യം പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ എത്തിയപ്പോൾ ഇടവേള ബാബു ഇത് നിഷേധിച്ചു. അത്തരം ഒരു പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു പുതിയ നിലപാട്.

അതിജീവിതയും ദിലീപും തമ്മിലുള്ള വിരോധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്ന് പോലീസിനോട് പറഞ്ഞ ബിന്ദു പണിക്കർ, വിചാരണ സമയത്ത് തനിക്ക് ഒന്നും ഓർമ്മയില്ലെന്ന് പറഞ്ഞ് മൊഴി മാറ്റി.

അതിജീവിതയുടെ ഉറ്റ സുഹൃത്തായിരുന്ന ഭാമ, ദിലീപിന് നടിയോട് കടുത്ത വിരോധമുണ്ടായിരുന്നെന്നും അവസരങ്ങൾ തടയാൻ ശ്രമിച്ചിരുന്നെന്നും പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഭാമയും കൂറുമാറി. സമാനമായ രീതിയിൽ സിദ്ദിഖും പ്രോസിക്യൂഷൻ വാദങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.

ഇവരെക്കൂടാതെ പ്രൊഡക്ഷൻ കൺട്രോളർമാർ, ഡ്രൈവർമാർ തുടങ്ങി സിനിമാ മേഖലയിലെ മറ്റ് പലരും പ്രോസിക്യൂഷന് അനുകൂലമായി നൽകിയ ആദ്യ മൊഴികളിൽ നിന്ന് പിന്മാറി. ദിലീപിന്റെ ഗൂഢാലോചന തെളിയിക്കാൻ നിർണായകമാകുമായിരുന്ന ഈ സാക്ഷി മൊഴികൾ കോടതിയിൽ തിരുത്തപ്പെട്ടത് കേസിന്റെ വിധിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *