നടിയെ ആക്രമിച്ച കേസിന്റെ വിധിയിൽ പ്രതികരണവുമായി താര സംഘടനയായ എഎംഎഎ (Association of Malayalam Movie Artists -A.M.M.A) കോടതിയുടെ വിധിയെ ബഹുമാനിക്കുന്നുവെന്നും നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നുമാണ് എഎംഎഎ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
കേസിൽ എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിടുകയും പൾസർ സുനി ഉൾപ്പെടെ ആറുപേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് സംഘടനയുടെ പ്രതികരണം. ഇന്നായിരുന്നു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി.
നടിയെ ആക്രമിച്ച സംഭവത്തെത്തുടർന്ന് ദിലീപിനെ നേരത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ചെടുക്കാൻ ശ്രമിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന് ദിലീപ് സ്വയം സംഘടനയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.
അതേസമയം, വിധിക്കെതിരെ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. “നീതി എവിടെ?” എന്നാണ് നടി പാർവതി തിരുവോത്ത് ചോദിച്ചത്. “അവൾക്കൊപ്പം” എന്ന ഹാഷ്ടാഗുമായി റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവരും അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഡിസംബർ 12-ന് വിധിക്കും. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.










