Home / Politics / സവർക്കർ പുരസ്‌കാരം: നിലപാട് കടുപ്പിച്ച് കോൺഗ്രസ്, സ്വീകരിക്കില്ലെന്ന് തരൂർ

സവർക്കർ പുരസ്‌കാരം: നിലപാട് കടുപ്പിച്ച് കോൺഗ്രസ്, സ്വീകരിക്കില്ലെന്ന് തരൂർ

ആർ.എസ്.എസ് അനുകൂല സംഘടനയായ എച്ച്.ആർ.ഡി.എസ് (Human Resources Development Society-HRDS) ഏർപ്പെടുത്തിയ പ്രഥമ വീര സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ എം.പി അറിയിച്ചു. താനുമായി കൂടിയാലോചിക്കുകയോ അറിയിക്കുകയോ ചെയ്യാതെയാണ് സംഘാടകർ പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് തരൂർ വ്യക്തമാക്കി.

സവർക്കറുടെ പേരിലുള്ള പുരസ്‌കാരം ശശി തരൂരിന് നൽകാൻ തീരുമാനിച്ചെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സവർക്കറുടെ പേരിലുള്ള ഒരു അവാർഡും പാർട്ടി പ്രവർത്തകർ സ്വീകരിക്കാൻ പാടില്ലെന്നായിരുന്നു മുരളീധരന്റെ നിലപാട്.

മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം താൻ അറിഞ്ഞതെന്നായിരുന്നു തരുരിന്റെ പ്രതികരണം. “ഇന്ന് ഡൽഹിയിൽ വെച്ച് സമ്മാനിക്കുന്ന ‘വീര സവർക്കർ പുരസ്‌കാരത്തിന്’ ഞാൻ അർഹനായി എന്ന വിവരം മാധ്യമ വാർത്തകളിൽ നിന്നാണ് ഞാൻ അറിഞ്ഞത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി കേരളത്തിൽ എത്തിയപ്പോൾ ഇന്നലെയാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത് തന്നെ,” തരൂർ ‘എക്സി’ൽ കുറിച്ചു.

പോസ്റ്റിന്റെ ബാക്കി ഭാഗം താഴെ:

തിരുവനന്തപുരത്ത് വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ, ഇത്തരമൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും ഞാനത് സ്വീകരിച്ചിട്ടില്ലെന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. എന്റെ സമ്മതം കൂടാതെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയാണെന്നും അന്ന് പറഞ്ഞതാണ്. എന്നിട്ടും, ഇന്ന് ഡൽഹിയിൽ ചില മാധ്യമങ്ങൾ ഇതേ ചോദ്യം ആവർത്തിക്കുകയാണ്. അതിനാൽ, ഇക്കാര്യത്തിൽ പൂർണ്ണമായ വ്യക്തത വരുത്തേണ്ടതുണ്ട്.

പുരസ്‌കാരത്തിന്റെ സ്വഭാവത്തെക്കുറിച്ചോ, അത് നൽകുന്ന സംഘടനയെക്കുറിച്ചോ, മറ്റ് അനുബന്ധ വിവരങ്ങളെക്കുറിച്ചോ യാതൊരു വ്യക്തതയും ഇല്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യം തന്നെ ഉദിക്കുന്നില്ല.

അതേസമയം തരൂരിനോട് നേരിട്ട് കണ്ട് അറിയിച്ചിട്ടാണ് പുരസ്കാരം പ്രഖ്യാപിച്ചതെന്നായിരുന്നു എച്ച്.ആർ.ഡി.എസ് സെക്രട്ടറിയുടെ പ്രതികരണം.

Tagged:

Leave a Reply

Your email address will not be published. Required fields are marked *