Home / Kerala / നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ പിഴ

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ പിഴ

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതിക്കും 50,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, സ്ത്രീയുടെ മാനത്തിന് ഭംഗം വരുത്തൽ, ഐടി ആക്ട് തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, ശിക്ഷാ ഇളവിനായി പ്രതികൾ കോടതിയോട് അപേക്ഷിച്ചിരുന്നു.

ഒന്നാം പ്രതി പൾസർ സുനിക്കുള്ള അതേ ശിക്ഷയാണ് രണ്ടു മുതലുള്ള മറ്റ് പ്രതികൾക്കും ലഭിച്ചിരിക്കുന്നത്. , മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, സലീം (വടിവാൾ സലീം), പ്രദീപ് എന്നിവരാണ് രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾ. വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ കാലയളവിൽ പൾസർ സുനി ഏഴ് വർഷത്തോളവും മാർട്ടിൻ ആന്റണി ഏഴ് വർഷവും, മറ്റു പ്രതികൾ വിവിധ കാലയളവുകളിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *