Home / Politics / ‘തദ്ദേശ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക,’ രാഹുൽ ഗാന്ധി

‘തദ്ദേശ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക,’ രാഹുൽ ഗാന്ധി

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണെന്ന് ഈ ഫലമെന്നും വിശേഷിപ്പിച്ചു.

‘എക്സി’ലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. യുഡിഎഫിൽ വർദ്ധിച്ചു വരുന്ന ജനവിശ്വാസത്തിന്റെ തെളിവാണ് ഈ വിജയമെന്ന് അദ്ദേഹം കുറിച്ചു. ജനങ്ങളെ കേൾക്കുകയും അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭരണാധികാരികളെയാണ് കേരളം ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഈ ജനവിധി നൽകുന്നതെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

“തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിശ്വസിച്ച കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യം. ഏറെ നിർണായകവും ഹൃദ്യവുമായ ജനവിധിയാണിത്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,” രാഹുൽ ഗാന്ധി പറഞ്ഞു.

വിജയിച്ച എല്ലാ ജനപ്രതിനിധികളെയും അഭിനന്ദിച്ച അദ്ദേഹം, വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനുകളിലും നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *