തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർത്ഥിയെയും ആക്രമിച്ചു.
പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടും. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.
കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആദ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുത്. കുറ്റവാളികൾക്കെതിരെ പൊലീസ് നടപടി എടുത്തേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.










