ചലച്ചിത്ര സംവിധായകനും മുൻ എം.എൽ.എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്. പരാതിക്കാരിയായ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ മൊഴിയും സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ജൂറി ചെയർമാനായിരുന്ന സമയത്ത്, സഹപ്രവർത്തകയായ ജൂറി അംഗത്തോട് ഹോട്ടൽ മുറിയിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം ആറിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്നു പരാതിക്കാരി.
ജൂറി അംഗങ്ങൾ താമസിച്ചിരുന്ന തലസ്ഥാനത്തെ ഹോട്ടലിൽ, സിനിമകളുടെ സ്ക്രീനിങ്ങിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ തെളിയിക്കുന്നതായി പോലീസ് റിപ്പോർട്ടിലുണ്ട്. പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി നൽകിയത്. ഇത് പിന്നീട് കന്റോൺമെന്റ് പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ, താൻ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരിക്ക് തെറ്റിദ്ധാരണ ഉണ്ടായതാകാമെന്നും മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ പ്രതികരണം.










