തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സി പി എം നേതാവ് കെ വി സയ്യിദലി മജീദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വനിതാ ലീഗ് രംഗത്ത്. സംഭവത്തിൽ വനിതാ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകി.
വോട്ടിനുവേണ്ടി കല്യാണം കഴിച്ചുകൊണ്ടുവന്ന സ്ത്രീകളെ അന്യപുരുഷന്മാര്ക്കുമുന്നില് കാഴ്ചവെക്കരുതെന്നാണ് തെന്നല ലോക്കൽ സെക്രട്ടറി കെ വി സയ്യിദലി മജീദ് പറഞ്ഞത്. ആണത്തവും ഉളുപ്പുമുള്ളവന്‍ പെണ്ണുങ്ങളെ രാഷ്ട്രീയത്തില്‍ ഇറക്കിയാല്‍ മതി. അല്ലെങ്കില്‍ പെണ്ണുങ്ങള് വീട്ടിലിരിക്കട്ടെയെന്നും മജീദ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്നാണ് മജീദിന്റെ പരാമർശം.
മലപ്പുറം തിരൂരങ്ങാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് മജീദ് വിവാദ പരാമർശം നടത്തിയത്. പരാമർശം സ്ത്രീ സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നതാണെന്നും നേതാവിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും വനിതാ ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.










