രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനിടെ, മേളയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് സംവിധായകൻ ഡോ. ബിജു. മേള വലിയൊരു രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ചെയർമാൻ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്ര വാർത്താവിതരണ മന്ത്രാലയം 19 ചിത്രങ്ങൾക്ക് പ്രദർശന അനുമതി നിഷേധിച്ചിരുന്നു. ഇതിൽ പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങളും ക്ലാസിക് ചിത്രമായ ‘ബാറ്റിൽഷിപ്പ് പൊട്ടെംകിനും’ ഉൾപ്പെടുന്നു. മേളയുടെ ചരിത്രത്തിൽ ഇല്ലാത്തവിധം ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കെ, അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി സ്ഥലത്തില്ലാത്തതിനെയാണ് ഡോ. ബിജു വിമർശിച്ചത്. .
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. ബിജു വിമർശനം ഉന്നയിച്ചത്. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചെയർമാൻ പങ്കെടുത്തിരുന്നില്ല. “കപ്പൽ മുങ്ങുമ്പോഴല്ല, കപ്പൽ ഉലയുമ്പോൾ തന്നെ ക്യാപ്റ്റൻ മുങ്ങിക്കളഞ്ഞു” എന്ന് അദ്ദേഹം പരിഹസിച്ചു. സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ട സമയത്ത്, അക്കാദമിയുടെ തലവൻ തന്നെ മാറിനിൽക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ചെയർമാൻ ഒളിവിലാണോ” എന്നാണ് ഡോ. ബിജുവിന്റെ ചോദ്യം. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ വേദിയിൽ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുമ്പോൾ, സാങ്കേതികമായി ഇതിനെതിരെ പ്രതികരിക്കേണ്ട ചെയർമാൻ മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. മുൻകൂട്ടി നിശ്ചയിച്ച ജോലിത്തിരക്കുകൾ കാരണമാണ് ചെയർമാൻ വിട്ടുനിൽക്കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം. എന്നാൽ, മേള നടക്കുന്ന സമയത്ത് ചെയർമാൻ ഇല്ലാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഉയരുന്ന വിമർശനം.










