കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പോലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് കഴിയാത്ത സാഹചര്യമാണ്. ഗര്‍ഭിണിയായ സ്ത്രീയെയാണ് എറണാകുളത്ത് സി ഐ മര്‍ദ്ദിച്ചത്. സ്ത്രീകളോടുള്ള പോലീസിന്റെ സമീപനത്തിന്റെ ചിത്രമാണ് എറണാകുളത്തെ മര്‍ദ്ദന ദൃശ്യങ്ങള്‍.
കേരള പോലീസ് ഇങ്ങനെയായിരുന്നില്ല. ഇത്തരമൊരു അവസ്ഥയിലെത്തിച്ചത് സര്‍ക്കാരിന്റെ ഭരണ നയങ്ങളാണ്. സിപിഎം ക്രിമിനലുകളെ സംരക്ഷിക്കാന്‍ ഉപയോഗിച്ച് ഇപ്പോള്‍ പോലീസ് സേന ക്രിമിനലുകളുടെ താവളമായി മാറിയത് ലജ്ജാകരമാണെന്നും വേണുഗോപാല്‍ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിലെടുക്കുന്നവരെ ഭീകരമായി മര്‍ദ്ദിക്കുന്നത് ജനം അറിയുന്നില്ല. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ മാത്രമേ അത് പുറത്തുവരുന്നുള്ളൂ. തൃശൂരില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സുജിത്തിന് നേരിട്ടതും അതുപോലെയൊരു പീഡനമാണ്. നിയമപരിപാലനത്തിന് പേരുകേട്ട കേരള പോലീസിനെ മര്‍ദ്ദനോപകരണമാക്കി മാറ്റി. ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ പരമ്പരകളാണ് സമീപകാലത്ത് പുറത്തുവന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി ഒത്ത് തീര്‍പ്പും സിപിഎം ബിജെപി അന്തര്‍ധാരയുടെ ഭാഗമാണ്. ഇരുവരും പരസ്പരം വിസിമാര്‍ക്കെതിരെ നേരത്തെ ഉന്നയിച്ച ആക്ഷേപവും ആരോപണവും മറന്നു. അതിന് കാരണം എന്താണ്? അതില്‍ മധ്യസ്ഥത വഹിക്കാനും ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും ഒത്തുകളി രാഷ്ട്രീയമാണ് വിസി നിയമനത്തിലും കണ്ടത്.
വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരങ്ങള്‍ വെറും നാടകമായിരുന്നുവെന്ന് ഭരണകൂടത്തിന്റെ ഈ മലക്കംമറിച്ചിലിലൂടെ തെളിഞ്ഞു. ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ബിജെപിയുമായി പരസ്പരം ഡീല്‍ നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രി പോയെന്നും വേണുഗോപാൽ ആരോപിച്ചു.










