Home / Politics / ശബരിമല സ്വർണ്ണക്കൊള്ള: ‘കോടതി വിധി എസ്ഐടിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്,’വി ഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ള: ‘കോടതി വിധി എസ്ഐടിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്,’വി ഡി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ഉന്നതരുടെ ചോദ്യം ചെയ്യലും അറസ്റ്റും തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് കോടതിയുടെ ഇന്നത്തെ ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ദേവസ്വം ബോര്‍ഡിലെ പ്രധാനപ്പെട്ട അംഗങ്ങളെ അറസ്റ്റു ചെയ്തില്ലെന്നും അന്വേഷണം വന്‍സ്രാവുകളിലേക്ക് നീങ്ങിയില്ലെന്നുമാണ് കോടതി പറഞ്ഞത്. അതു തന്നെയായിരുന്നു ഞങ്ങളുടെയും ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വീണ്ടും പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടം ഉള്ളതിനാല്‍ എസ്ഐടിയില്‍ ഇപ്പോഴും ഞങ്ങള്‍ അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഹൈക്കോടതി ആഗ്രഹിക്കുന്നതു പോലെ സത്യസന്ധമായി അന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ അവര്‍ക്ക് സാധിക്കും.

പക്ഷേ, അവര്‍ ആഭ്യന്തര വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരായതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അന്വേഷണം മന്ദഗതിയിലായത്. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ആരോപണം ഉന്നയിച്ചത്. കോടതിയെയാണ് വിമര്‍ശിക്കുന്നതെന്നാണ് അന്ന് മന്ത്രി പി. രാജീവ് പറഞ്ഞത്. ഞങ്ങള്‍ കോടതിയെയും എസ്ഐടിയെയും അല്ല വിമര്‍ശിച്ചത്. എസ്ഐടിക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയതു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷിച്ചതു പോലെ അന്വേഷണം പെട്ടെന്ന് മന്ദഗതിയിലായത്.

അന്തര്‍സംസ്ഥാന ബന്ധമുള്ള കേസായതിനാല്‍ ഇ.ഡി അന്വേഷിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുത്. ഇതുവരെയുള്ള കേസുകളിലെല്ലാം അവര്‍ സര്‍ക്കാരിനെ സഹായിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇ.ഡിയെ വിശ്വാസമില്ല. കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കേസല്ല ഇത്.

കഴിഞ്ഞ ദേവസ്വം ബോര്‍ഡിന് 2019ല്‍ കളവ് നടന്നെന്ന് അറിയാമായിരുന്നു. പുറത്താരും അത് അറിഞ്ഞിട്ടില്ലെന്നു വ്യക്തമായതുകൊണ്ടാണ് വീണ്ടും പൂശാന്‍ പ്രശാന്ത് പ്രസിഡന്റായ കമ്മിറ്റിക്ക് തോന്നിയത്. തിരുവാഭരണം കമ്മിഷണര്‍ എതിര്‍ത്തിട്ടും പുറത്തേക്ക് കൊണ്ടു പോകണമെന്ന നിര്‍ബന്ധം കാട്ടിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ ഏല്‍പ്പിച്ചതും പ്രശാന്താണ്. കവര്‍ച്ചാ ശ്രമമാണ് 2024-ല്‍ നടന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ 2019-ലേതു പോലെ വീണ്ടും കവര്‍ച്ച നടന്നേനെ.

30 വര്‍ഷത്തെ ചരിത്ര പരിശോധിച്ചാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ കിട്ടുക എന്നത് അത്ര എളുപ്പമല്ല. ഇത്തവണ മേല്‍ക്കൈ ഉണ്ടാക്കാനായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 മുതല്‍ 47 ശതമാനം വോട്ട് നേടും. 47 ശതമാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.സിപിഎമ്മിനെ തോല്‍പ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്തുകയാണ് ശ്രമകരം. തോറ്റത് ഇപ്പോഴും മനസിലായിട്ടില്ല. ശ്രീനിവാസനും ശങ്കരാടിയും തമ്മിലുള്ള താത്വിക വിശകലനം എത്ര ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ശ്രീനിവാസനെ സല്യൂട്ട് ചെയ്യണമെന്ന് തോന്നിപ്പോകും. സന്ദേശം സിനിമ ഇപ്പോഴാണ് ഇറങ്ങിയിരുന്നതെങ്കില്‍ പാരഡി ഗാനം പോലെ അതും നിരോധിച്ചേനെയെന്നും സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *