Home / Politics / പി വി അൻവറും സി കെ ജാനുവും യുഡിഎഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

പി വി അൻവറും സി കെ ജാനുവും യുഡിഎഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

പി വി അൻവറിനെയും സി കെ ജാനുവിനെയും മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളാക്കാൻ കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കാനും ജനുവരി മാസത്തിനുള്ളിൽ തന്നെ ഇത് പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാലതാമസം ഒഴിവാക്കി ജനങ്ങളിലേക്ക് നേരത്തെ ഇറങ്ങാനാണ് മുന്നണി ലക്ഷ്യമിടുന്നത്.

ഇടതുമുന്നണിയിലുള്ള കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് തിരികെ വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിലുണ്ടായി. എന്നാൽ, വിഷയത്തിൽ ജോസ് കെ. മാണി വിഭാഗം ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് യുഡിഎഫിന്റെ നിലപാട്. അവരെ മുന്നണിയിലേക്ക് കൊണ്ടുവരാനായി യുഡിഎഫ് ഔദ്യോഗികമായി അങ്ങോട്ട് പോയി ചർച്ച നടത്തില്ലെന്നും യോഗം തീരുമാനിച്ചു.

പി വി. അൻവർ, സി കെ. ജാനു എന്നിവർക്ക് പുറമെ വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള കേരള കാമരാജ് കോൺഗ്രസിനും അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനമായിട്ടുണ്ട്. എൻഡിഎ വിട്ടു വരുന്ന കക്ഷികളെയും ഭരണപക്ഷത്തോട് എതിർപ്പുള്ളവരെയും ഒപ്പം നിർത്തി രാഷ്ട്രീയ കരുത്ത് വർദ്ധിപ്പിക്കാനാണ് യുഡിഎഫ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *