തദ്ദേശ തെരഞ്ഞെടുപ്പിലും കുടുംബശ്രീയുടെ വിജയഗാഥ. സംസ്ഥാനത്തുടനീളം വിവിധ തദ്ദേശ വാർഡുകളിലായി മത്സരിച്ച 7,210 കുടുംബശ്രീ പ്രവർത്തകരാണ് ഇത്തവണ വിജയിച്ചത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കോർപറേഷനുകളിലേക്കുമായി ആകെ 17,082 കുടുംബശ്രീ പ്രവർത്തകരാണ് ഇത്തവണ ജനവിധി തേടിയത്. ഇതിൽ 42 ശതമാനത്തിലധികം പേരും വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. കുടുംബശ്രീ മിഷന്റെ ത്രിതല സംവിധാനത്തിലുള്ള അയൽക്കൂട്ട അംഗങ്ങൾ, സി ഡി എസ് (Community Development Society) അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവരാണ് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളായും സ്വതന്ത്രരായും മത്സര രംഗത്തുണ്ടായിരുന്നത്.
ഏറ്റവും കൂടുതൽ കുടുംബശ്രീ പ്രവർത്തകർ വിജയിച്ചത് കോഴിക്കോട് ജില്ലയിലാണ് (709 പേർ). തൊട്ടുപിന്നാലെ മലപ്പുറം (697), തൃശൂർ (652), ആലപ്പുഴ (643), പാലക്കാട് (635), കണ്ണൂർ (621) എന്നീ ജില്ലകളിലും വലിയ മുന്നേറ്റം ദൃശ്യമായി. ഏറ്റവും കുറവ് വിജയികൾ പത്തനംതിട്ട (272) ജില്ലയിലാണ്.
വിജയിച്ചവരിൽ ഭൂരിഭാഗവും (5,436 പേർ) അയൽക്കൂട്ട അംഗങ്ങളാണ്. കൂടാതെ 111 സി ഡി എസ് (CDS) ചെയർപേഴ്സൺമാരും, 724 സി.ഡി.എസ് അംഗങ്ങളും വിജയികളിൽ ഉൾപ്പെടുന്നു. പുതുതലമുറയുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകളിൽ നിന്ന് 107 പേർ വിജയിച്ചു എന്നത് പുതിയ മാറ്റമായി കാണുന്നു. ഗ്രാമപഞ്ചായത്തുകളിലേക്ക് മാത്രം 5,836 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 487 പേരും ജില്ലാ പഞ്ചായത്തുകളിൽ 88 പേരും വിജയിച്ചു. നഗരസഭകളിൽ 757 പേരും കോർപറേഷനുകളിൽ 45 പേരും കുടുംബശ്രീയിൽ നിന്ന് ജനപ്രതിനിധികളായി എത്തും. അട്ടപ്പാടി സ്പെഷ്യൽ പ്രൊജക്റ്റിൽ നിന്ന് മത്സരിച്ച 13 പ്രവർത്തകരും ഇത്തവണ ജയിച്ചുകയറി.
പ്രാദേശിക വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളിൽ കുടുംബശ്രീ പ്രവർത്തകർക്കുള്ള പ്രായോഗിക പരിചയം ഭരണതലത്തിൽ വലിയ ഗുണം ചെയ്യുമെന്ന് കുടുംബശ്രീ മിഷൻ വൃത്തങ്ങൾ പ്രതികരിച്ചു. 2020-ൽ നടന്ന തെരഞ്ഞെടുപ്പിൽ 7,058 പേരായിരുന്നു വിജയിച്ചിരുന്നത്. ഇത്തവണ ആ റെക്കോർഡ് തിരുത്തിക്കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകർ തദ്ദേശ ഭരണകൂടങ്ങളിൽ നിർണായക സാന്നിധ്യമാകുന്നത്.









