കൊച്ചി കോർപറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ വി കെ മിനിമോളെ മേയറാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ആദ്യ രണ്ടര വർഷം പാലാരിവട്ടം ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ വി കെ മിനിമോളും ശേഷിക്കുന്ന രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷൻ കൗൺസിലർ ഷൈനി മാത്യുവും മേയർ സ്ഥാനം വഹിക്കും. ബുധനാഴ്ച ചേർന്ന ഡിസിസി കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ ധാരണയായത്.
മേയർ പദവിക്ക് പുറമെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ടര വർഷം വീതം പങ്കിടാനാണ് തീരുമാനം. ആദ്യ ടേമിൽ അയ്യപ്പൻകാവ് ഡിവിഷനിൽ നിന്നുള്ള ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. രണ്ടാമത്തെ ടേമിൽ എറണാകുളം സൗത്ത് കൗൺസിലർ കെവിപി കൃഷ്ണകുമാർ ഈ സ്ഥാനം ഏറ്റെടുക്കും.
മേയർ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞാണ് പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ദീപ്തിയെ ഒഴിവാക്കിയതിനെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. എന്നാൽ ഭൂരിഭാഗം കൗൺസിലർമാരുടെയും പിന്തുണ മിനിമോളിനും ഷൈനിക്കും ലഭിച്ചതാണ് ഇവർക്ക് അനുകൂലമായത്. കൗൺസിലർമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡുമായും സംസ്ഥാന നേതൃത്വവുമായും ആലോചിച്ചാണ് ഡിസിസി പ്രഖ്യാപനം നടത്തിയത്.
പാലാരിവട്ടം ഡിവിഷനിൽ നിന്ന് നാലാം തവണയും കൗൺസിലറായി വിജയിച്ച വ്യക്തിയാണ് വി കെ മിനിമോൾ. മുൻപ് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഭരണപരിചയവും നഗരവികസന കാര്യങ്ങളിലെ അറിവുമാണ് അവരെ മേയർ സ്ഥാനത്തേക്ക് എത്തിച്ചത്.
കൊച്ചി കോർപറേഷനിൽ മികച്ച വിജയം നേടിയ യുഡിഎഫിന്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഐക്യത്തോടെ മുന്നോട്ട് പോകുക എന്നത് പ്രധാനമാണ്. അതൃപ്തിയിലായ ദീപ്തി മേരി വർഗീസിനെ അനുനയിപ്പിക്കാൻ മെട്രോപൊളിറ്റൻ പ്ലാനിങ് സമിതി അധ്യക്ഷ പദവി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നേതൃത്വം നൽകിയേക്കുമെന്നും സൂചനയുണ്ട്.










