Home / Kerala / നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, കേസിൽ ഗൂഢാലോചനയിൽ പങ്കാളിയായി എന്നത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാന ഗൂഢാലോചനാ കുറ്റം ആരോപിക്കപ്പെട്ട ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ, സമാനമായ കുറ്റം ചുമത്തപ്പെട്ട തനിക്കും അതിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രതി വാദിക്കുന്നു. വിചാരണ കോടതി വിധി നിയമപരമായി നിലനിൽക്കില്ലെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമാണ് മാർട്ടിന്റെ ആവശ്യം.

നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം തടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നത്. ഇതിൽ അഞ്ചും ആറും പ്രതികളായ വടിവാൾ സലീമും പ്രദീപ് കുമാറും നേരത്തെ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാം പ്രതിയായ മാർട്ടിനും കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, വിധി വന്നതിന് പിന്നാലെ മാർട്ടിൻ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകുകയും, മാർട്ടിനെതിരെ തൃശൂർ സൈബർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് മാർട്ടിൻ.

Tagged:

Leave a Reply

Your email address will not be published. Required fields are marked *