തലസ്ഥാന നഗരിയിലെ ഇലക്ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മുറുകുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് നൽകിയ ഇ-ബസുകൾ നഗരപരിധിക്കുള്ളിൽ തന്നെ സർവീസ് നടത്തണമെന്ന് മേയർ വി വി രാജേഷ് നിർദ്ദേശം നൽകി. നിലവിൽ നഗരത്തിന് പുറത്തേക്ക് നടത്തുന്ന സർവീസുകൾ ഉടൻ അവസാനിപ്പിച്ച് ബസുകൾ തിരികെ എത്തിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ‘ഹരിത നഗരം’ എന്ന ലക്ഷ്യം മുൻനിർത്തിയുമാണ് സിറ്റി സർക്കുലർ ഇ-ബസുകൾ വിഭാവനം ചെയ്തത്. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി വഴി നഗരസഭയ്ക്ക് ലഭിച്ച 113 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി ഉപയോഗിക്കുന്നത്. എന്നാൽ നഗരസഭയുമായുള്ള ധാരണകൾ ലംഘിച്ച് കെഎസ്ആർടിസി ഏകപക്ഷീയമായി ബസുകൾ നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുകയാണെന്ന് മേയർ ആരോപിച്ചു.
“ഇ-ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപറേഷന് നൽകിയതാണ്. ഇത് നഗരവാസികൾക്ക് ഉപകാരപ്പെടണം. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല. കോർപറേഷന് ലഭിക്കേണ്ട ലാഭവിഹിതത്തിന്റെ കാര്യത്തിലും കൃത്യത വേണം. കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ നഗരസഭ വീണ്ടും പരിശോധിക്കും,” വി വി രാജേഷ് പറഞ്ഞു.
അതേസമയം, നഗരസഭയുടെ നിലപാടിനെതിരെ കെഎസ്ആർടിസി രംഗത്തെത്തിയിട്ടുണ്ട്. നഗരസഭാ പരിധിയിൽ മാത്രം സർവീസ് ഒതുക്കാനാവില്ലെന്നും നഷ്ടം സഹിച്ചു ബസുകൾ ഓടിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. നഗരത്തിന് പുറത്തുനിന്നും എത്തുന്ന യാത്രക്കാരെ കൂടി പരിഗണിച്ചാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. നഗരസഭാ പരിധിയുടെ അതിർത്തികളിൽ ബസുകൾ ചാർജ് ചെയ്യാനുള്ള സൗകര്യമില്ലാത്തതും വലിയ പ്രതിസന്ധിയാണെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.
ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് ആരംഭിച്ച സിറ്റി സർക്കുലർ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.









