Home / Politics / നഗരസഭയ്ക്ക് ആവശ്യമാണെങ്കിൽ 113 ഇലക്ട്രിക് ബസുകളും തിരികെ നൽകാമെന്ന് ഗണേഷ് കുമാർ

നഗരസഭയ്ക്ക് ആവശ്യമാണെങ്കിൽ 113 ഇലക്ട്രിക് ബസുകളും തിരികെ നൽകാമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം സിറ്റി ബസ് സർവീസുകളെ ചൊല്ലി തിരുവനന്തപുരം മേയർ വി വി രാജേഷ് തുടക്കമിട്ട വിവാദത്തിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് നൽകിയ ഇലക്ട്രിക് ബസുകൾ നഗരപരിധിക്ക് പുറത്ത് സർവീസ് നടത്തുന്നതിനെതിരെയായിരുന്നു വി വി രാജേഷ് രംഗത്തെത്തിയയത്.

ഇതിന് മറുപടിയായി നഗരസഭയ്ക്ക് ആവശ്യമാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ 113 ഇലക്ട്രിക് ബസുകളും തിരികെ നൽകാമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. ഈ ബസുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും നഗരസഭ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ അവ കൊണ്ടുപോയി ഇടാമെന്നും അദ്ദേഹം പറഞ്ഞു. 113 ബസുകൾ തിരികെ നൽകിയാലും തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും പകരം 150 പുതിയ ബസുകൾ സർക്കാർ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് ബസുകൾ നഗരസഭയുടെ മാത്രം സ്വത്തല്ലെന്നും അതിൽ 60 ശതമാനം വിഹിതം സംസ്ഥാന സർക്കാരിന്റേതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും ജീവനക്കാരെ നൽകുന്നതും കെഎസ്ആർടിസിയാണ്. നഗരസഭയ്ക്ക് സ്വന്തമായി നടത്താൻ കഴിവുണ്ടെങ്കിൽ ബസുകൾ ഏറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരെ നഗരത്തിലേക്ക് കൊണ്ടുവരുന്ന സർവീസുകൾ തടയാൻ ആർക്കും കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇതുവരെ മേയർ ഔദ്യോഗികമായി തന്നോട് സംസാരിക്കുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് മേയർ തന്നോട് സംസാരിച്ചിട്ടില്ലെന്നും വിളിച്ചിരുന്നെങ്കിൽ താൻ ഫോൺ എടുക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബസ് നല്കാൻ കെഎസ്ആർടിസി സിഎംഡി ക്ക് ഒരു കത്ത് നൽകിയാൽ 24 മണിക്കൂറിനുള്ളിൽ നൽകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

.

Tagged:

Leave a Reply

Your email address will not be published. Required fields are marked *