Home / Politics / ‘ഭരണം കിട്ടിയാൽ മറ്റൊരു മാറാട് കലാപത്തിന് ലീഗും ലീഗിന്റെ നേതാക്കളും ശ്രമിക്കുന്നു,’ വെള്ളാപ്പള്ളി നടേശൻ

‘ഭരണം കിട്ടിയാൽ മറ്റൊരു മാറാട് കലാപത്തിന് ലീഗും ലീഗിന്റെ നേതാക്കളും ശ്രമിക്കുന്നു,’ വെള്ളാപ്പള്ളി നടേശൻ

മുസ്‌ലീം ലീഗിനെതിരെയും യു ഡി എഫിനെതിരെയും രൂക്ഷമായ വിമർശനങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയില്ലെന്നും, അവർക്ക് വീണ്ടും ഭരണം ലഭിച്ചാൽ കേരളത്തിൽ മാറാട് കലാപം ആവർത്തിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് മുസ്ലിം സമുദായത്തിന് മുട്ടിന് മുട്ടിന് കോളേജുകൾ അനുവദിച്ചപ്പോൾ ഈഴവ സമുദായത്തിന് ലഭിച്ചത് ഒരേയൊരു എയ്ഡഡ് കോളേജ് മാത്രമാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ലീഗ് ഭരണകാലത്ത് എല്ലാ ആനുകൂല്യങ്ങളും മലപ്പുറത്തേക്ക് മാത്രമായി ഒതുക്കി. സമുദായത്തിലെ സമ്പന്നരായ ട്രസ്റ്റുകൾക്കാണ് ലീഗ് കോളേജുകൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സമുദായത്തെ ഈഴവർക്കെതിരെ തിരിച്ചുവിടാനാണ് ലീഗ് ശ്രമിക്കുന്നത്. വീണ്ടും അധികാരം ലഭിച്ചാൽ മറ്റൊരു മാറാട് കലാപത്തിനാണ് ലീഗും ലീഗിന്റെ നേതാക്കളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മുസ്ലിം വിരോധിയല്ല’

തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ലീഗ് ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. “പ്രശ്നാധിഷ്ഠിതമായ കാര്യങ്ങളാണ് ഞാൻ പറയുന്നത്. എന്റെ അഭിഭാഷകനും ഓഡിറ്ററും മുസ്ലിങ്ങളാണ്. മുസ്ലിം സമുദായത്തെയല്ല, മറിച്ച് ലീഗിന്റെ രാഷ്ട്രീയത്തെയാണ് ഞാൻ എതിർക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

ശിവഗിരിയിൽ വെച്ച് തന്നോട് മോശമായി പെരുമാറിയ മാധ്യമപ്രവർത്തകൻ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുള്ളയാളാണെന്ന ആരോപണവും വെള്ളാപ്പള്ളി ആവർത്തിച്ചു. 89 വയസ്സുള്ള തന്നോട് ഒരു മര്യാദയുമില്ലാതെയാണ് മാധ്യമങ്ങൾ പെരുമാറുന്നതെന്നും അദ്ദേഹം പരാതിപ്പെട്ടു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *