Home / Politics / ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം മോഷ്ടിച്ച കേസിലെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്.

നേരത്തെ കട്ടിളപ്പാളി കേസിലും പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. പത്മകുമാറിനെ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

പ്രതിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ സമർപ്പിച്ചത്. കട്ടിളപ്പാളികളും ശിൽപ്പങ്ങളും അറ്റകുറ്റപ്പണിക്കായി കൊടുത്തുവിടുന്നതിനുള്ള മിനുട്സിൽ പത്മകുമാർ സ്വന്തം കൈപ്പടയിൽ തിരുത്തൽ വരുത്തിയതായി എസ്.ഐ.ടി കണ്ടെത്തി. ‘പിച്ചള പാളികൾ’ എന്നതിന് പകരം ‘ചെമ്പ്’ എന്ന് തിരുത്തി എഴുതുകയും, കൊടുത്തുവിടാൻ ‘അനുവദിക്കുന്നു’ എന്ന വാക്ക് സ്വന്തമായി ചേർക്കുകയും ചെയ്തത് സ്വർണം കടത്താനുള്ള ആസൂത്രിത നീക്കമാണെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കി.

തന്ത്രിയുടെ ആവശ്യപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന പത്മകുമാറിന്റെ വാദവും എസ്.ഐ.ടി തള്ളി. അറ്റകുറ്റപ്പണിക്ക് തന്ത്രിയുടെ അനുമതിയോ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് തടസ്സമാകുമെന്നും കോടതി നിരീക്ഷിച്ചു.

നിലവിൽ റിമാൻഡിൽ കഴിയുന്ന, സി പി എം മുൻ എം എൽ എ കൂടിയായ പത്മകുമാർ, ഈ വിധിയോടെ ജയിലിൽ തുടരും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *