Home / Politics / വയനാട് മെഡിക്കൽ കോളജിൽ ചികിൽസാപ്പിഴവ്; കോട്ടൺ തുണി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം; സംഘർഷം

വയനാട് മെഡിക്കൽ കോളജിൽ ചികിൽസാപ്പിഴവ്; കോട്ടൺ തുണി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം; സംഘർഷം

വയനാട് മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളജിലെ ഗുരുതരമായ ചികിൽസാപ്പിഴവിനെച്ചൊല്ലി മെഡിക്കൽ കോളജ് പരിസരത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റിനുള്ളിൽ കോട്ടൺ തുണി കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പ്രദേശം സംഘർഷഭരിതമായി.

യുവതിയെ അപമാനിക്കുന്ന തരത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് സംസാരിച്ചതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. സംഭവത്തിൽ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മാനന്തവാടി പാണ്ടക്കടവ് സ്വദേശിയായ 21-കാരിക്കാണ് മെഡിക്കൽ കോളജിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ഒക്ടോബർ 20-നായിരുന്നു യുവതിയുടെ പ്രസവം. രക്തസ്രാവം തടയാൻ വെച്ച തുണി പുറത്തെടുക്കാതെയാണ് ഡോക്ടർമാർ തുന്നലിട്ടതെന്ന് കുടുംബം ആരോപിക്കുന്നു. പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ നാൾ മുതൽ കടുത്ത വേദനയും ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് ആശുപത്രിയിൽ വീണ്ടും ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ല. ശരീരത്തിനുള്ളിൽ എന്തോ ഇരിക്കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞപ്പോൾ, വെള്ളം കുടിക്കാത്തതുകൊണ്ടാണ് ദുർഗന്ധം വരുന്നതെന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യുവതി പറഞ്ഞു. ഒടുവിൽ പ്രസവം കഴിഞ്ഞ് 75-ാം ദിവസം ശരീരത്തിനുള്ളിൽ നിന്നും ഒരു കട്ടത്തുണി തനിയെ പുറത്തുവരികയായിരുന്നു.

ചികിൽസാപ്പിഴവ് മൂലം യുവതിയുടെ ആരോഗ്യം തീർത്തും മോശമായ നിലയിലാണ്. സംഭവത്തിൽ മന്ത്രി ഒ ആർ കേളുവിനും പോലീസിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *