Home / Politics / നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കോൺഗ്രസ്; സ്‌ക്രീനിങ് കമ്മിറ്റി അടുത്തയാഴ്ച കേരളത്തിലെത്തും

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കോൺഗ്രസ്; സ്‌ക്രീനിങ് കമ്മിറ്റി അടുത്തയാഴ്ച കേരളത്തിലെത്തും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് ഊർജ്ജിതമാക്കി. സ്ഥാനാർത്ഥി നിർണയ നടപടികൾ വേഗത്തിലാക്കാൻ എഐസിസി നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി ജനുവരി 13 നും 14നും കേരളത്തിലെത്തും.

ഹൈക്കമാൻഡ് ഇടപെടൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി പട്ടിക നേരത്തെ തയ്യാറാക്കി പ്രചാരണത്തിൽ മുൻതൂക്കം നേടാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ജനുവരി അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. മധുസൂദനൻ മിസ്ത്രിക്ക് പുറമെ സയ്യിദ് നാസിർ ഹുസൈൻ, നീരജ് ദാംഗി, അഭിഷേക് ദത്ത് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. എ കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കമ്മിറ്റി ചർച്ചകൾ നടത്തും.

ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. യുവ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സാമൂഹിക നീതി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിൽ വിരുദ്ധ വികാരമില്ലെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ എഐസിസി അന്തിമ തീരുമാനമെടുക്കും.

നിരീക്ഷകരുടെ വരവ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി എഐസിസി നിയോഗിച്ച നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ് ഗഡി എന്നിവരും രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെത്തും. വായനാട് ബത്തേരിയിൽ നടന്ന ‘ലക്ഷ്യ 2026’ നേതൃക്യാമ്പിലെ തീരുമാനങ്ങൾ കൂടി പരിഗണിച്ചാകും തുടർന്നുള്ള നീക്കങ്ങൾ. 140 മണ്ഡലങ്ങളിലും കോൺഗ്രസ് നടത്തിയ സർവ്വേ ഫലങ്ങളും സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകും.

ഗ്രൂപ്പ് സമവാക്യങ്ങൾക്കും അതീതമായി വിജയസാധ്യതയുള്ള പുതുമുഖങ്ങളെ അണിനിരത്തി ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ക്യാമ്പ് ലക്ഷ്യമിടുന്നത്. ഇതിനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സേവനവും പാർട്ടി ഉപയോഗപ്പെടുത്തുന്നുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *