Home / Politics / എ കെ ബാലന്റെ വിവാദ പ്രസ്താവനകളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എ കെ ബാലന്റെ വിവാദ പ്രസ്താവനകളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിനെയും കടന്നാക്രമിച്ചുകൊണ്ടുള്ള എ കെ ബാലന്റെ വിവാദ പ്രസ്താവനകളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള ബാലന്റെ നിരീക്ഷണത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും വർഗീയത പറയുന്നവർ ആരായാലും അവരെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ കാലത്തെ അനുഭവങ്ങൾ ഓർമ്മിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തത്. മാറാട് കലാപകാലത്ത് എ കെ ആന്റണി സ്വീകരിച്ച നിലപാടുകളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ആർഎസ്എസിന്റെ എതിർപ്പ് ഭയന്നാണ് അന്ന് ആന്റണി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാൻ തയ്യാറാകാതിരുന്നത്. അന്ന് താൻ മാറാട് സന്ദർശിച്ചത് ആരുടെയും അനുവാദം ചോദിച്ചിട്ടല്ലെന്നും യുഡിഎഫ് വർഗീയതയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥയാണ് അന്നുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ നിലവിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മതരാഷ്ട്രവാദം പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർട്ടിഫിക്കറ്റ് നൽകുന്നത് അവരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകുന്നതിനെതിരെ മുൻപ് സതീശൻ സ്വീകരിച്ച കർക്കശ നിലപാട് ഇപ്പോൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാറ്റുകയാണ്.

മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകുന്നതിലെ അപകടത്തെക്കുറിച്ച് സി.കെ. ഗോവിന്ദൻ നായർ പറഞ്ഞ കാര്യങ്ങൾ മുൻപ് രമേശ് ചെന്നിത്തല തന്നെ പ്രസംഗിച്ചിട്ടുള്ളതാണെന്നും കോൺഗ്രസിന്റെ പഴയ നിലപാടുകൾ തന്നെ ഇപ്പോൾ യുഡിഎഫിനെ തിരിഞ്ഞു കൊത്തുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അധികാരം ലക്ഷ്യമിട്ട് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി യുഡിഎഫ് കൈകോർക്കുന്നത് കേരളത്തിൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും പിണറായി പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *