ശബരിമല സ്വര്‍ണക്കവര്‍ച്ചയിലെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ പ്രതികളും പുറത്തിറങ്ങാന്‍ പോകുന്നു. ഒരു തൊണ്ടി മുതല്‍ പോലും കണ്ടെടുത്തിട്ടില്ല. ഒരു തെളിവും ശേഖരിക്കുന്നില്ല. രണ്ട് ലക്ഷ്യങ്ങളാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളത്. മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിക്കുക, ജയിലിലായ സി.പി.എം നേതാക്കളെ പുറത്തുകൊണ്ട് വന്ന് കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക. അതിനു വേണ്ടി എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കനത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ശബരിമല കേസ് എങ്ങും എത്താതെ അവസാനിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് പോകുകയാണ്. പ്രതികളെല്ലാം സ്വാഭാവിക ജാമ്യം കിട്ടി പുറത്തുവരുന്ന സാഹചര്യമാണ്. സര്‍ക്കാരാണ് ഇടപെടുന്നത്. എല്ലാവരെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇടപെടുന്നത്. അതുകൊണ്ടാണ് ജയിലിലായ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി പോലും സ്വീകരിക്കാതിരുന്നത്.
സിപിഎം സ്വര്‍ണം കട്ടതിന് സോണിയ ഗാന്ധിയെ കുറിച്ച് പറയുന്നത് എന്തിനു വേണ്ടിയാണ്? സ്വര്‍ണം കട്ടത് സിപിഎം നേതാക്കളാണ്. ആ സിപിഎം നേതാക്കളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും ഭരണകൂടവും സിപിഎം നേതൃത്വവുമാണ്. അത് എല്ലാവര്ക്കും അറിയാം. എന്നിട്ടും സോണിയ ഗാന്ധിയെ മനപൂര്‍വം വലിച്ചിഴയ്ക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തുന്ന ഏര്‍പ്പാടാണിത്. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ബിജെപി നേതൃത്വമാണ്. ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപി മാര്‍ച്ച് നടത്തുമ്പോള്‍ സിപിഎം നിയമസഭയില്‍ വന്ന് അധിക്ഷേപിച്ച് സംസാരിക്കുകയാണ്.
സ്പീക്കര്‍ മുഖ്യമന്ത്രി പറയുന്നത് കേട്ട് നില്‍ക്കുകയാണ്. അദ്ദേഹത്തിന് സ്വന്തമായി അഭിപ്രായമില്ല. ഇന്ന് അഞ്ച് മന്ത്രിമാര്‍ക്കാണ് പ്രസംഗിക്കാന്‍ അവസരം നല്‍കിയത്. അഞ്ച് മന്ത്രിമാരില്‍ നാലു പേരും വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചു. അതില്‍ എനിക്ക് പരാതിയില്ല. കാരണം അവര്‍ എന്നെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയാനാകില്ല. എ.കെ.ജി സെന്ററില്‍ ഇരുന്നും മന്ത്രി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയില്‍ ഇരുന്നും വ്യാപകമായി എനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. അതിന്റെ തുടര്‍ച്ചയാണ് നിയമസഭയിലും ഉണ്ടായത്. അതിന് സ്പീക്കറും അവസരം നല്‍കുകയാണ്.
സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കാന്‍ അഞ്ച് മന്ത്രിമാര്‍ക്കാണ് അവസരം നല്‍കിയത്. എല്ലാ മന്ത്രിമാരും ഒരേ കാര്യമാണ് പറഞ്ഞത്. അയ്യപ്പന്റെ സ്വര്‍ണം കട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സി.പി.എമ്മിന് രക്ഷപ്പെടാനാകില്ല. സ്വര്‍ണം കട്ടവരെ സംരക്ഷിക്കുന്നത് പിണറായി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരായ യഥാര്‍ത്ഥ പ്രതികള്‍ അഴിക്കുള്ളിലാകുന്നതു വരെ അതിശക്തമായി സമരവുമായി മുന്നോട്ട് പോകും.
ശബരിമലയിലെ തന്ത്രിയെ അറസ്റ്റു ചെയ്തപ്പോള്‍ മുഖ്യമന്ത്രി തന്ത്രിയെ വരെ അറസ്റ്റു ചെയ്തെന്നാണ് സി.പി.എം അവകാശപ്പെട്ടത്. എന്നിട്ടാണ് ഇപ്പോള്‍ ഹൈക്കോടതിക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറയുന്നത്. എസ്.ഐ.ടിയെ നിയന്ത്രിക്കുന്ന ഹൈക്കോടതിയാണെങ്കിലും അതിലെ ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അന്വേഷണ സംഘത്തിലെ രഹസ്യങ്ങള്‍ പോലും ചോര്‍ത്തുകയാണ്.
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ്. 90 ദിവസമായിട്ടും പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണ്? ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച കേസിലാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നത്. അന്വേഷണത്തില്‍ ഉഴപ്പുണ്ടെന്ന് ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടുണ്ട്.
പ്രതികള്‍ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് ജനങ്ങള്‍ സംശയത്തോടെ കാണുമെന്ന് ഞങ്ങള്‍ മാത്രമല്ല കോടതിയും പറഞ്ഞിട്ടുണ്ട്. എസ്.ഐ.ടിക്ക് പാളിച്ചകള്‍ പറ്റിയെന്നതില്‍ സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റിവെയ്പ്പിച്ചു. ഇക്കാര്യം തീയതി വച്ച് കോടതിയും പറഞ്ഞിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.










