ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരകപാലക കേസിൽ നേരുത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഉടൻ ജയിലിന് പുറത്തിറങ്ങും.
കേസിൽ അന്വേഷണം പൂർത്തിയാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമല സ്വർണ്ണ മോഷണക്കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വലിയ വാർത്തയായിരുന്നു. നിലവിൽ ജാമ്യം ലഭിച്ചതോടെ കർശന ഉപാധികളോടെയായിരിക്കും ഇയാൾ പുറത്തിറങ്ങുക.
സ്വർണ്ണക്കൊള്ളയിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായി 43ആം ദിവസം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുകയായിരുന്നു.









