സിപിഎമ്മിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആരോപണം ഉന്നയിച്ച വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു ഇദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷാൾ അണിയിച്ചാണ് വിനോദിനെയും സുഹൃത്തുക്കളെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
തന്റെ സഹോദരന്റെ സ്മാരകത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയ നേതാവിനെ സംരക്ഷിക്കുന്ന പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് വിനോദ് സി.പി.എം വിട്ടത്. കോൺഗ്രസാണ് കേരളത്തിലെ യഥാർത്ഥ ലെഫ്റ്റിസ്റ്റ് എന്നും, ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പാർട്ടിയിൽ തുടരുന്ന മറ്റ് സഖാക്കൾക്കും അത് ദോഷകരമാകുമെന്നും അംഗത്വം സ്വീകരിച്ച ശേഷം വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. ഏഴാം വയസ്സു മുതൽ ബാലസംഘത്തിലൂടെ പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയ തനിക്ക് ഒടുവിൽ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2008-ൽ വഞ്ചിയൂരിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ വിഷ്ണുവിന്റെ കുടുംബത്തിനായി ശേഖരിച്ച ഫണ്ടിൽ ലോക്കൽ സെക്രട്ടറി തിരിമറി നടത്തിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. 10 ലക്ഷം രൂപ പിരിച്ചതിൽ 5 ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് നൽകിയതെന്നും ബാക്കി തുക നേതാവ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും വിനോദ് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ നടപടി നേരിട്ട നേതാവിനെ പിന്നീട് സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാക്കിയതും മന്ത്രി വി. ശിവൻകുട്ടി ഇദ്ദേഹത്തിനായി ഇടപെട്ടുവെന്ന ആരോപണവുമാണ് വിനോദിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ സി.പി.എം പ്രവർത്തകർ വരും ദിവസങ്ങളിൽ കോൺഗ്രസിലേക്ക് എത്തുമെന്നും വഞ്ചിയൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുമെന്നും വിനോദ് അറിയിച്ചു.










