Home / Politics / ശബരിമല സ്വർണ്ണക്കൊള്ള: ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് സര്‍ക്കാര്‍ തന്നെ തകര്‍ന്നു വീഴുമെന്ന സ്ഥിതിയിൽ,’ വി ഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ള: ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് സര്‍ക്കാര്‍ തന്നെ തകര്‍ന്നു വീഴുമെന്ന സ്ഥിതിയിൽ,’ വി ഡി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പ്രതികളും പുറത്തിറങ്ങുകയും ഇനിയും അകത്ത് പോകേണ്ട പ്രതികള്‍ പുറത്ത് നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്നത് അപകടകരമാണ്. സി.പി.എമ്മിനും സര്‍ക്കാരിനും വേണ്ടപ്പെട്ട പ്രതികളാണ് പുറത്ത് നില്‍ക്കുന്നതെന്നും വി ഡി സതീശൻ നിയമസഭാ കവാടത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ തന്നെ തകര്‍ന്നു വീഴുമെന്ന സ്ഥിതിയിലേക്ക് പോകുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ അനധികൃതമായി ഇടപെടുന്നത്. അതുകൊണ്ടാണ് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നിഷേധിച്ച പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള അവസ്ഥയുണ്ടായത്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഞെട്ടിക്കുകയും കേരളത്തിന് അപമാനമാകുകയും ചെയ്ത ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥയിലേക്ക് പോകുകയാണ്.

എത്രമാത്രം പ്രതിപക്ഷത്തെ ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് പ്രതിപക്ഷനേതാവിനെ നേരിടാന്‍ അഞ്ച് മന്ത്രിമാര്‍ ഇറങ്ങിയത്. നിയമസഭയ്ക്കുള്ളില്‍ സമരം ചെയ്യാനുള്ള തീരുമാനം യു.ഡി.എഫ് ഒറ്റക്കെട്ടായി സ്വീകരിച്ചതാണ്. പ്രതിപക്ഷത്തിന്റെ ഐക്യവും ടീം യു.ഡി.എഫിനെയും കണ്ട് അസൂയപൂണ്ടിട്ടാണ് മന്ത്രിമാര്‍ അത്തരം വര്‍ത്തമാനം പറഞ്ഞത്. മന്ത്രമാര്‍ നിലവാരം കുറഞ്ഞ പ്രയോഗങ്ങളാണ് നടത്തിയത്. ഒരു മന്ത്രിയുടെ വകുപ്പ് പറഞ്ഞപ്പോള്‍ മാറിപ്പോയതിന് എന്റെ സമനില തെറ്റിയെന്നും ഭ്രാന്താണെന്നുമാണ് മന്ത്രി പറഞ്ഞത്. ഒരു മന്ത്രിമാരും കേരളത്തിലെ പ്രതിപക്ഷ നേതാക്കളെയോ പ്രതിപക്ഷ എം.എല്‍.എമാരെയോ ഇതുപോലെ അധിക്ഷേപിച്ച കാലമുണ്ടായിട്ടില്ല. മന്ത്രിമാര്‍ക്ക് അവസരം നല്‍കിയ സ്പീക്കര്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ഇടപെട്ടു.

മന്ത്രിമാര്‍ക്ക് മൈക്ക് നല്‍കി ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് പ്രതിപക്ഷത്തെ ആക്ഷേപിച്ചത്. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സ്പീക്കര്‍ തയാറായിട്ടില്ല. പ്രകോപനമുണ്ടാക്കിയത് വാച്ച് ആന്‍ഡ് വാര്‍ഡാണ്. പ്രതിപക്ഷം സമാധാനപരമായാണ് സമരം നടത്തിയത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിപക്ഷം എന്ത് അക്രമമാണ് കാട്ടിയത്? നിയമസഭാ ചരിത്രത്തിലെ ഏറ്റവും മോശമായ അക്രമം നടത്തിയവരെ കൂട്ടത്തില്‍ ഇരുത്തിയിട്ട് ഈ മന്ത്രിമാര്‍ പറയുന്നത് ജനം കാണുന്നുണ്ട്.

90 ദിവസമായിട്ടും പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണ്? അത് കൊടുത്തിരുന്നെങ്കില്‍ പ്രതികള്‍ പുറത്ത് ഇറങ്ങില്ലായിരുന്നു. തെളിവുകള്‍ ശേഖരിക്കുകയോ തൊണ്ടി മുതല് കണ്ടെടുക്കുകയോ ഏത് കോടീശ്വരനാണ് വിറ്റതെന്നോ കണ്ടെത്തിയിട്ടില്ല. ക്യൂവില്‍ നില്‍ക്കുന്ന പ്രതികളെ കൂടി അറസ്റ്റു ചെയ്യേണ്ടി വരുമെന്നതിനാലാണ് അന്വേഷണം മുന്നോട്ട് പോകാത്തത്. പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും ആശങ്കയുണ്ടെന്നും സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *