Home / Kerala / ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കേസിൽ വാദം കേൾക്കേണ്ട ജഡ്ജി അവധിയിലായതിനാലാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ മാറ്റിവെച്ചത്.

കഴിഞ്ഞ ദിവസം കോടതി അപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജഡ്ജിയുടെ അസാന്നിധ്യം കാരണം നടപടികൾ നാളത്തേക്ക് നീണ്ടു.

ബസിനുള്ളിൽ വെച്ച് ദീപക് തന്നോട് മോശമായി പെരുമാറിയെന്ന തരത്തിൽ ഷിംജിത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ദീപക്കിന് നേരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവുകയും, ഇതിൽ മനംനൊന്ത് ജനുവരി 17-ന് ദീപക് ജീവനൊടുക്കുകയുമായിരുന്നു. സംഭവത്തിൽ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ജനുവരി 21-നാണ് വടകര സ്വദേശിയായ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയ്ക്കെതിരെ കേസെടുത്തത്. എന്നാൽ തനിക്ക് ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഷിംജിത. നിലവിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുകയാണ് പ്രതി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *